തിരുവനന്തപുരം: മാധ്യമങ്ങളെയും പൊതു പ്രവർത്തകരെയും അടക്കം എതിരായി സംസാരിക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ അഴിമതിയെ ചോദ്യം ചെയ്യുന്നവരെയെല്ലാം അടിച്ചമർത്തുമെന്ന നിലപാട് തിരുത്തിയില്ലങ്കിൽ അതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കഴിഞ്ഞ ദിവസം അഴിമതിക്കെതിരെ സമരം ചെയ്തതിന് പോലീസ് അതിക്രമത്തിനിരയായ യുവമോർച്ച വനിതാ നേതാവ് വിസ്മയയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ചയുടെ വനിതാ പ്രവർത്തകരായ വിസ്മയക്കും, നയനയടക്കമുള്ളവർക്കുമെതിരെ നടന്നത് പുരുഷ പോലീസിന്റെ അതിക്രൂരമായ അക്രമമാണ്. സ്ത്രീകൾക്കു നേരെ പോലീസ് നടപടി ഉണ്ടാകുമ്പോൾ വനിതാ പോലീസ് ഉണ്ടാകണമെന്ന സുപ്രീം കോടതിയുടെ ഉത്തരവാണ് ലംഘിച്ചിരിക്കുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് പുരുഷ പോലീസ് വിസ്മയയെ മർദ്ദിച്ചത്. എല്ലാ നിയമ സംവിധാനങ്ങളെയും അപ്രസക്തമാക്കിയാണ് പിണറായിയുടെ പോലീസ് പ്രവർത്തിക്കുന്നത്. യുവമോർച്ച വനിതാ പ്രവർത്തകർക്കു നേരെ പുരുഷ പോലീസ് നടത്തിയ അക്രമത്തിനെതിരെ ദേശീയ വനിതാ കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നൽകിയതായി സുരേന്ദ്രൻ അറിയിച്ചു.
അഴിമതിക്കെതിരെ സംസാരിച്ചാൽ, പ്രതിഷേധിച്ചാൽ അടച്ചമർത്തും എന്ന നിലപാട് തിരുത്തിയില്ലങ്കിൽ പിണറായി വിജയന്റെ പോലീസിന് കൂടുതൽ വലിയ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Post Your Comments