Latest NewsNewsIndia

5 വർഷം പ്രണയിച്ചു, വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ് ഒഴിവാക്കി: യുവതിയെ കൊലപ്പെടുത്തി കാമുകൻ

ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തി കാമുകൻ. മുരുഗേഷ്പാല്യയിലെ ഒമേഗ ഹെൽത്ത് കെയർ മാനേജ്‌മെന്റ് സർവീസസിന് സമീപമാണ് സംഭവം. ഇവിടുത്തെ ജീവനക്കാരിയായ ലീല പവിത്ര നളമതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ആരോഗ്യ പ്രവർത്തകനായ ദിനകർ ബനാല (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കമിതാക്കൾ ആയിരുന്നു.

ദിനകറും ലീലയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ ജാതി വ്യത്യാസത്തെ തുടർന്ന് ലീലയുടെ വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു. ഇതൊന്നും വകവയ്ക്കാതെ, വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ലെന്നും അവരുടെ തീരുമാനത്തെ മാനിക്കണമെന്നും ലീല ദിനകറിനെ അറിയിക്കുകയായിരുന്നു. അഞ്ച് വർഷത്തോളം പ്രണയിച്ചിട്ട് വിവാഹക്കാര്യം പറഞ്ഞപ്പോൾ താഴ്ന്നജാതിയാണെന്ന് പറഞ്ഞ് ലീല തന്നെ പരിഹസിച്ചെന്നാണ് യുവാവ് പറയുന്നത്.

ദിനകർ ലീലയുടെ ഓഫീസിന് പുറത്ത് കാത്തുനിൽക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോൾ അവരെ അഭിമുഖീകരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹക്കാര്യം പറഞ്ഞ് രണ്ട് പേരും വഴക്കായി. ഇതോടെ ദിനകർ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ലീലയെ ഒന്നിലധികം തവണ കുത്തി. ദൃക്‌സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ദിനകറിനെ അറസ്റ്റ് ചെയ്തു. ലീലയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

shortlink

Post Your Comments


Back to top button