Article

ആറ്റുകാല്‍ പൊങ്കാല, ചരിത്രവും ഐതീഹ്യവും

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’ എന്നറിയപ്പെടുന്നത്. എന്നാല്‍ കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ‘പൊങ്കാല മഹോത്സവം’.

Read Also:

കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവില്‍ മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

ഐതീഹ്യം

ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകില്‍ കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു. തന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി.

അന്ന് രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്നത്തില്‍ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: ‘നിന്റെ മുന്നില്‍ ബാലികാ രൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ നീ അറിഞ്ഞില്ല. ഞാന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കില്‍ ഈ സ്ഥലത്തിന് മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകും.’ പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്നു രേഖകള്‍ കണ്ടു. പിറ്റേന്ന് അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ വാഴുന്ന സര്‍വേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം.

വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ‘ശൂലം, അസി, ഫലകം, കങ്കാളം’ എന്നിവ ധരിച്ച ചതുര്‍ബാഹുവായ ശ്രീഭദ്രകാളിയെ വടക്ക് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ദാരികവധത്തിനു ശേഷം ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്ത്രീജനങ്ങള്‍ പൊങ്കാലനിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്. നിരപരാധിയായ സ്വന്തം ഭര്‍ത്താവിനെ വധിച്ചതില്‍ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു തന്റെ നേത്രാഗ്നിയില്‍ മധുരാനഗരത്തെ ചുട്ടെരിച്ച വീരനായിക കണ്ണകി കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചു എന്നാണ് ഐതിഹ്യം. കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നതും ഒരു സങ്കല്‍പ്പമാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button