Latest NewsKeralaNews

സമ്പൂർണ്ണ ഭക്ഷ്യഭദ്രതയിലേക്ക് കേരളം: മുൻഗണന റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിതരണ സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി അമ്പതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം മുഖ്യമന്ത്രി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് നടത്തി. കേരളത്തെ ഭക്ഷ്യഭദ്രതയിലേക്ക് അടുപ്പിക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണിത്. ഇതോടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മപദ്ധതിയിൽ ഒരുലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്തതുൾപ്പെടെ ആകെ രണ്ടുലക്ഷത്തി എൺപത്തിയൊമ്പതിനായിരത്തി എണ്ണൂറ്റി അറുപത് മുൻഗണനാ കാർഡുകളാണ് ഈ സർക്കാരിന്റെ കാലത്തു മാത്രം വിതരണം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കേരളം ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവർത്തിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി

അനർഹരായ നിരവധിപേർ മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യാൻ സർക്കാർ അവസരമൊരുക്കുകയും
ഇതിന്റെ ഭാഗമായി ഒന്നേമുക്കാൽ ലക്ഷത്തോളം കാർഡുകൾ പിഴയോ ശിക്ഷയോ ചുമത്താതെ സർക്കാരിന്റെ പക്കലേക്ക് സറണ്ടർ ചെയ്യപ്പെടുകയുമുണ്ടായി. അർഹരായ കൂടുതൽ പേർക്ക് മുൻഗണനാ കാർഡുകൾ ലഭ്യമാക്കാൻ ഇതുമൂലം സാഹചര്യമൊരുങ്ങി. മൂന്നാം നൂറുദിന പദ്ധതിയുടെ ഭാഗമായി 50,461 മുൻഗണന കാർഡുകളുടെ വിതരണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന മുഴുവൻ പേർക്കും മുൻഗണന കാർഡുകൾ ഉറപ്പാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനെല്ലാം പുറമെ കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ 3,34,431 പുതിയ റേഷൻ കാർഡുകളാണ് സർക്കാർ വിതരണം ചെയ്തത്. പുതിയതും നവീകരിച്ചതുമായ 85 സപ്ലൈകോ വിപണനശാലകളാണ് ഇക്കാലയളവിൽ കേരളത്തിൽ ആരംഭിച്ചത്. കഴിഞ്ഞ ആറേമുക്കാൽ വർഷംകൊണ്ട് പതിനായിരം കോടി രൂപയിലേറെയാണ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഈ വർഷത്തെ ബജറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാനായി 2,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായാണ് ദേശീയതലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോഴും വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം നിലകൊള്ളുന്നത്. ഇത്തരത്തിൽ പൊതുവിതരണ സംവിധാനങ്ങളെയും പൊതുവിപണിയിലെ സർക്കാർ ഇടപെടലുകളെയും കാര്യക്ഷമമാക്കിക്കൊണ്ട് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേരളം ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവർത്തിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button