കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി നാട് കടത്താൻ നീക്കം. ഇതിന്റെ ഭാഗമായി ആകാശ് ഉൾപ്പെട്ട കേസുകൾ പരിശോധിക്കുകയാണ് പൊലീസ്. തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും സ്വർണ്ണക്കടത്ത് കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേർക്കുമെതിരായ കേസിൽ അന്വേഷണത്തിന് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. മുഴക്കുന്ന് സിഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സിഐഎം കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിന് രൂപം നൽകി. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി ആകാശിന്റെ തില്ലങ്കേരിയുടെ വഞ്ഞേരിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒളിവിൽ പോയ മൂന്നുപേരും മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം ടവർ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ലെന്നും ആകാശിനെ കണ്ടെത്താനാകുന്നില്ലെന്നാണ് പേരാവൂർ ഡിവെെഎസ്പിയുടെ വിശദീകരണം.
എന്നാൽ ഇയാൾ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടിക്കെതിരേ പരോക്ഷമായ വിമർശനങ്ങളാണ് ആകാശ് തില്ലങ്കേരി ഉന്നയിക്കുന്നത്. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഐഎം, ഡിവെെഎഫ്ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ല. ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർട്ടി അണികളെ അറിയിച്ചിട്ടുണ്ട്.
Post Your Comments