കായംകുളം: സംഘടനാ ചര്‍ച്ചയ്ക്കായിചേര്‍ന്ന സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനു രൂക്ഷവിമര്‍ശനം. പ്രാദേശിക നേതൃത്വത്തിനുനേരേ ഉയര്‍ര്ന്ന വിവിധ ആരോപണങ്ങളില്‍ അന്വേഷണ കമ്മിഷനെ വെച്ചെങ്കിലും കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടത്താത്തതിലായിരുന്നു വിമര്‍ശനം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയില്‍ സി.പി.എമ്മുകാരന്റെ കടയാക്രമിച്ച സംഭവം, കായംകുളം താലൂക്കാശുപത്രിയില്‍ ഏതാനും പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണ കമ്മിഷനെവെച്ചത്.
റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കാത്തതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. കായംകുളത്തെ വിഭാഗീയതയുടെ ചുവടുപിടിച്ചാണ് ഇത്തരം ആരോപണങ്ങള്‍. അഴിമതി, ക്വട്ടേഷന്‍ഗുണ്ടാ ബന്ധം, സാമൂഹികമാധ്യമ ചര്‍ച്ച, ഡി.വൈ.എഫ്.ഐ.യില്‍ ക്രിമിനലുകള്‍ കൂടുന്നുവെന്ന ആരോപണം, നഗരഭരണത്തിലെ വീഴ്ച എന്നിവയും കമ്മിറ്റിയില്‍ ഉയര്‍ന്നു. പാര്‍ട്ടിയിലും പോഷകസംഘടനകളിലും കുറ്റവാളികള്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് ഒരുനേതാവ് ആക്ഷേപമുയര്‍ത്തി.
ഇതുകാരണം ബാലസംഘത്തിലേക്കു കുട്ടികളെ വിടാന്‍ വീട്ടുകാര്‍ക്കു മടിയാണ്. ഒരു വനിതാ നേതാവ് തന്റെ കൊച്ചുമക്കൾ എസ്എഫ്ഐക്കോ ബാലസംഘത്തിലോ വിടില്ലെന്ന് പറഞ്ഞതായി നേതാവ് പറഞ്ഞു. ജില്ലയില്‍നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്ത് വിഷയം പരിഹരിക്കാമെന്ന് യോഗത്തില്‍ ധാരണയായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സെക്രട്ടേറിയറ്റംഗങ്ങളായ എം. സത്യപാലന്‍, കെ.എച്ച്. ബാബുജാന്‍, എ. മഹേന്ദ്രന്‍, ഹരിശങ്കര്‍ എന്നിവര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. കേരളത്തിൽ ഇതുപോലൊരു ഏരിയ കമ്മിറ്റി കാണില്ലെന്നു പുത്തലത്ത് ദിനേശൻ പറഞ്ഞു.
പാർട്ടി ബന്ധമുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തെ ന്യായീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും വിമർശനം നേരിടേണ്ടിവന്നു. ‘ലഭിക്കുന്ന പരാതികളിൽനിന്നുതന്നെ കായംകുളത്തെ പാർട്ടിയുടെ നിലവാരം വ്യക്തമായി ബോധ്യപ്പെടുകയാണ്. കുറേ ഗ്രഹങ്ങളും ചുറ്റിപ്പറ്റി കുറേ ഉപഗ്രഹങ്ങളുമാണ് കായംകുളത്ത് പാർട്ടിയിൽ ഉള്ളത്’’ – ദിനേശൻ കൂട്ടിച്ചേർത്തു. അതിനിടെ, പരാതി പറഞ്ഞ് യു.പ്രതിഭ എംഎൽഎയും രംഗത്തെത്തി. ഏറ്റവും വലിയ സൈബർ ആക്രമണം നേരിട്ടതു താനാണെന്ന് എംഎല്‍എ പറഞ്ഞു. അന്നു നടപടിക്ക് ആരും ആവശ്യപ്പെട്ടില്ല. പാർട്ടിയിലുള്ളവർ പോലും പിന്തുണ നൽകിയില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
Post Your Comments