Latest NewsIndiaNews

അയോധ്യവിധി പറഞ്ഞ ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ഗവർണർ ആക്കുന്നതിൽ എന്തിനാണ് ഈ കോലാഹലങ്ങൾ? ആരാണ് ജസ്റ്റിസ് നസീർ?

ന്യൂഡൽഹി: സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചത് മുതൽ കോലാഹലങ്ങൾ ആണ്. കേരളത്തിൽ നിന്ന് തന്നെ നിരവധി ഇടത് നേതാക്കളാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. കോൺഗ്രസും ഈ നടപടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തുണ്ട്. എന്തിനാണ് നീതിന്യായ വ്യവസ്ഥയില്‍ നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ പദവികള്‍ നല്‍കുന്നതെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇത് ശരിയായ രീതിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

ജഡ്ജിക്ക് സര്‍ക്കാര്‍ പദവി നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് റാഷിദ് അല്‍വി പറയുന്നു. വിരമിക്കുന്ന ജഡ്ജിമാരെ സർക്കാർ മറ്റ് തസ്തികകളിലേക്ക് നീക്കുമ്പോൾ, നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം കുറയുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ശക്തമായി ഉയർത്തിപ്പിടിക്കുന്നത്. ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കി. ഇപ്പോള്‍ ജസ്റ്റിസ് നസീറിനെ ഗവര്‍ണറാക്കി. രാമജന്മഭൂമി- ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ പലരും ചോദ്യം ചെയ്യുന്നുണ്ടെന്നും, കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത് സംഭവിച്ചതെന്നുമാണ് പ്രതിപക്ഷത്തിന്റെ പുതിയ കണ്ടെത്തൽ.

അതേസമയം, ചട്ടങ്ങൾ പറയുന്നത് എന്താണെന്ന് നോക്കാം. വിരമിച്ച ജസ്റ്റിസ് നസീര്‍ ഗവര്‍ണറായതില്‍ എന്തടിസ്ഥാനത്തിലാണ് തെറ്റാവുക എന്ന ന്യായമായ ചോദ്യം മറുഭാഗം ഉന്നയിക്കുന്നുണ്ട്. ഒരു ജഡ്ജിയെ ഗവര്‍ണര്‍ സ്ഥാനമോ മറ്റേതെങ്കിലും സര്‍ക്കാര്‍ പദവിയോ വഹിക്കുന്നതില്‍ നിന്ന് ഭരണഘടന ഒരിക്കലും വിലക്കിയിട്ടില്ല എന്നതാണ് വസ്തുത. അപ്പോൾ നിലവിലെ കോലാഹലങ്ങൾ പ്രതിപക്ഷത്തിന്റെയും വിമര്ശകരുടെയും വെറും ഗിമ്മിക്ക് മാത്രം എന്ന് സാരം. ആര്‍ക്കൊക്കെ ഗവര്‍ണറാകാം, ഗവര്‍ണര്‍ക്ക് എന്തെല്ലാം അധികാരങ്ങളാണ് ഉള്ളതെന്ന് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ 157, 158 വകുപ്പുകളില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് വിശദമായി വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനയനുസരിച്ച്, 35 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഇന്ത്യന്‍ പൗരന്‍, പാര്‍ലമെന്റിലോ നിയമസഭയിലോ അംഗമല്ലാത്ത, ലാഭകരമായ ഒരു പദവിയും വഹിക്കാത്ത, കുറച്ചുനാളായി രാഷ്ട്രീയത്തില്‍ സജീവമായിട്ടില്ലാത്തവരെ ഗവര്‍ണര്‍ ആക്കാം.

39 ദിവസം മുമ്പാണ് അദ്ദേഹം വിരമിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിസ് നസീര്‍ ഗവര്‍ണറാകുന്നതില്‍ ഒരു തരത്തിലും തെറ്റില്ലെന്നാണ് ഇപ്പോള്‍ ഭരണഘടനയിലെ ഈ വ്യവസ്ഥകള്‍ കാണിക്കുന്നത്. അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമല്ല, ലാഭകരമായ ഒരു പദവിയും വഹിക്കുന്നില്ല, നിയമസഭാംഗമായിട്ടില്ല. ഇത് ആദ്യത്തെ സംഭവവുമല്ല, എന്നിരിക്കെ എന്തിനാണ് ഈ കോലാഹലങ്ങൾ എന്ന് ചോദിക്കാതിരിക്കാൻ ആകില്ല. ഇതിനു മുന്‍പും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്ക് ഗവര്‍ണര്‍ പദവി നല്‍കിയിട്ടുണ്ട്. രണ്ട് തവണ. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം, റിട്ടയേര്‍ഡ് ജസ്റ്റിസ് എം ഫാത്തിമ ബീവി എന്നിവരെയാണ് മുൻവർഷങ്ങളിൽ ഇത്തരത്തിൽ ഗവർണർ ആക്കിയത്. 2014ല്‍ മുന്‍ സിജെഐ പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചപ്പോൾ, മുന്‍ ജസ്റ്റിസ് ഫാത്തിമ ബീവിയെ 1997 ല്‍ അവരെ തമിഴ്നാട് ഗവര്‍ണറായി നിയമിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button