
നരേന്ദ്ര മോദിയ്ക്ക് പിന്തുണ നൽകുന്നതിനാൽ ബോളിവുഡിന് തന്നെ രാഷ്ട്രീയക്കാരനാക്കുന്നു എന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. എല്ലാ സമയത്തും ബോളിവുഡ് താരങ്ങൾ രാഷ്ട്രീയക്കാരുമായി അടുപ്പം പുലർത്തിയിട്ടുണ്ട്. എന്നാലത് രഹസ്യമായാണെന്നും സംവിധായകൻ പറഞ്ഞു. ടൈംസ് ലിറ്റ്ഫെസ്റ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി. ‘എനിക്ക് ഷാരൂഖ് ഖാനോട് പ്രശ്നമൊന്നുമില്ല. എന്നാൽ ഞാൻ നരേന്ദ്ര മോദിക്ക് നൽകുന്ന പിന്തുണകൊണ്ട് ബോളിവുഡിൽ ചിലർക്ക് എന്നെ ഇഷ്ടമല്ല. ഞാൻ രാഷ്ട്രീയ സിനിമകൾ ഒരുക്കുന്നുവെന്ന് അവർ പറയുന്നു.
അമിതാഭ് ബച്ചൻ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നില്ലേ? ആമിർ ഖാൻ സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അടുത്ത ആളാണ്. ദീപികയും അങ്ങനെ തന്നെ. എന്നേക്കുറിച്ച് തുറന്ന് സംസാരിക്കുന്നു. രാഷ്ട്രീയക്കാരോട് ആഭിമുഖ്യം ഇല്ലാത്ത ഒരു താരത്തെക്കുറിച്ച് പറയൂ. അവരെല്ലാം രഹസ്യമായാണ് ചെയ്യുന്നത് എന്ന് മാത്രം. നർമ്മദാ സമരത്തിന് മേധാ പട്കറിനൊപ്പം ആമിർ ഖാൻ ഇരുന്നില്ലേ? അദ്ദേഹം രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരുന്നില്ലേ? എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്?, ‘വിവേക് അഗ്നിഹോത്രി പറഞ്ഞു. ഷാരൂഖ് ഖാനെ കുറിച്ച് മോശമായി എന്തെങ്കിലും പറയുമ്പോൾ ട്രോളുകളുമായി വരുന്നവർ കോൺഗ്രസിൽ നിന്നുള്ളവരാണെന്നും സംവിധായകൻ പറഞ്ഞു.
‘ഖാൻ സാഹബിനെക്കുറിച്ച് ഒരു വാക്ക് പറയൂ, ബോളിവുഡിലെ ബാദ്ഷായെ പിന്തുണയ്ക്കാൻ ആരൊക്കെ വരുന്നു എന്ന് നോക്കൂ. മുഴുവനും കോൺഗ്രസ് ടീം. ആരാണ് ഈ സിനിമയെ പ്രമോട്ട് ചെയ്യുന്നത്? അതും കോൺഗ്രസ്. ‘ദി കശ്മീർ ഫയൽസ്’ ബിജെപിയുടെ അജണ്ടയെ പിന്തുണച്ചാൽ എന്താണ് പ്രശ്നമെന്നും വിവേക് അഗ്നിഹോത്രി ചോദിച്ചു . കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടോ? ആരാണ് ഇപ്പോൾ മമതാ ബാനർജിയുടെ പരിപാടിക്ക് പോയത്? ഞാൻ അവിടെ പോയോ?’. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് വിവേക് അഗ്നിഹോത്രി ‘കശ്മീർ ഫയൽസ്’ ഒരുക്കിയിരിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ പ്രൊപ്പഗണ്ടയുടെ ഭാഗമാണ് ചിത്രമെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments