തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച അമിത് ഷായോട് കേരളം എന്താണ്, കർണാടകയിലെ സ്ഥിതി എന്താണ് എന്ന് എല്ലാവർക്കും നല്ലപോലെ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ആണുള്ളതെന്നും, അതാണോ കർണാടകയിൽ ഉള്ള സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാടായി നിൽക്കുന്നു. ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നു എന്നുള്ളതുകൊണ്ട് ആർക്കെങ്കിലും ഇവിടെ പ്രശ്നം ഉണ്ടാകുന്നുണ്ടോ. കേരളത്തിൽ ഒരു വിഭജനവുമില്ലാതെ ആളുകള്‍ ജീവിക്കുന്നു എന്നല്ലേ അമിത് ഷാ പറയേണ്ടത്.എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് കാണാൻ കഴിഞ്ഞത്. എന്താണ് അദ്ദേഹത്തിന് കൂടുതൽ പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയുടെ ഒരു നീക്കങ്ങളും നടക്കാത്ത ഇടം ഇന്ത്യയിൽ ഇന്ന് കേരളമാണ്. മറ്റ് സ്ഥലങ്ങള്‍ പോലെ ആക്കാനുള്ള നീക്കം ഈ നാട് സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അമിത് ഷായെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് വന്നിരുന്നു. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്നും അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ ആണെന്നും ഗോവിന്ദൻ വിമർശിച്ചു. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും സി.പി.എം നേതാവ് പറഞ്ഞു.
Post Your Comments