KeralaLatest NewsNews

‘ഇവിടാരും ഒന്നും തന്നില്ല’: ജീവനക്കാരോട് തട്ടിക്കയറിയ ചിന്ത സി.പി.എമ്മിന് തലവേദനയാകുമ്പോൾ

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. വാഴക്കുല ബൈ വൈലോപ്പിള്ളി, ശമ്പള കുടിശ്ശിക, ആഡംബര റിസോർട്ട് വിവാദം തുടങ്ങിയവ ഒന്ന് കെട്ടടങ്ങിയതോടെ, വീണ്ടും വിവാദത്തിലായിരിക്കുകയാണ് ചിന്ത. ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് ചിന്ത ജെറോം തട്ടിക്കയറിയതാണ് വിവാദമായത്. അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലായിരുന്നു സംഭവം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസും ഈ സമയത്ത് ചിന്ത ജെറോമിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.

പുതിയ വിവാദം കൂടി ആയതോടെ, സി.പി.എമ്മിന് ചിന്ത തലവേദനയായിരിക്കുകയാണെന്ന് റിപ്പോർട്ട്. വിവാദ വിഷയങ്ങളിൽ ഇനി മുതൽ ചിന്തയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടിലേക്ക് സി.പി.എം നീങ്ങില്ലെന്നാണ് ലഭിക്കുന്ന സൂചന. ആകെ പി.കെ ശ്രീമതി മാത്രമാണ് പാർട്ടി മുഖങ്ങളിൽ നിന്നും ചിന്തയെ ചേർത്തുപിടിച്ച് കൊണ്ട് മുന്നോട്ട് വന്നിട്ടുള്ളത്. മറ്റുള്ളവരെല്ലാം മൗനത്തിലാണ്. ശമ്പള കുടിശ്ശിക വിവാദത്തിൽ ചിന്തയെ ‘വളർന്നു വരുന്ന യുവ നേതാവ്’ എന്ന് വിശേഷിപ്പിച്ച ഇ.പി ജയരാജനെയും മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. മോശം പെരുമാറ്റത്തിന് ചിന്തയെ ആരെങ്കിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ചിന്തയ്ക്കുമുണ്ടാകില്ല.

ഭക്ഷണം വൈകിയതിന് ഇത്ര രൂക്ഷമായ ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് കഫേയിലെ തൊഴിലാളികൾ വ്യക്തമാക്കുന്നത്. ചിന്തയുടെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ഹോട്ടൽ ജീവനക്കാർ അന്തംവിട്ടു പോയിരുന്നു. ജീവനക്കാർക്ക് നേരെയുള്ള ശകാരം കടുത്തതോടെ ഭക്ഷണം നൽകുന്നില്ലെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇതോടെ ചിന്തയ്ക്ക് വീണ്ടും ദേഷ്യം കൂടി. എം.എ ബേബിയും ഭാര്യയും ചിന്തയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നും എപ്പോഴും പാവപ്പെട്ട തൊഴിലാളികൾക്കൊപ്പം എന്ന് 24 മണിക്കൂറും ഘോരം പ്രസംഗിക്കുന്ന പാർട്ടിയുടെ സഖാവ് തന്നെ ഇത്തരത്തിൽ തൊഴിലാളികളോട് പെരുമാറിയതിന് അമ്പരപ്പ് അവർക്കിപ്പോഴുമുണ്ട്.

അതേസമയം, ചിന്ത കുടുംബത്തോടൊപ്പം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും പരാതി നൽകിയിരുന്നു. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടകയെന്നും ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

എന്നാൽ, അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായാണ് ഹോട്ടലിൽ താമസിച്ചതെന്ന വിശദീകരണവിമായി ചിന്തയും രംഗത്തെത്തിയിരുന്നു. അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്റൂമില്ലാത്തതിനാൽ സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നു അതെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ചാണ് വാടക നൽകിയതെന്നും ചിന്ത വ്യക്തമാക്കി. റിസോർട്ടുകാർ ആവശ്യപ്പെട്ട ഇരുപതിനായിരം രൂപയാണ് നൽകിയത്. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും തന്റെ സ്വകാര്യ വിവരങ്ങൾ പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും ചിന്ത വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button