
അങ്കാറ: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12000 കടന്നു. സിറിയയില്‍ 2,992 പേര് കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തുര്‍ക്കിയില്‍ മരണസംഖ്യ 9000 കടന്നു. ഭൂകമ്പമുണ്ടായി മൂന്ന് ദിവസം പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. ഇന്ത്യയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങള്‍ തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.
അതേസമയം തുര്‍ക്കിയില്‍ കുടുങ്ങിക്കിടക്കുന്ന പത്ത് ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍,ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കി സന്ദര്‍ശിച്ച ബംഗളൂരു സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും കുടുംബവുമായും ജോലി ചെയ്യുന്ന ബംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയിലേയ്ക്കുള്ള ഇന്ത്യയുടെ സഹായം ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷന് ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി.
ഏഴ് വാഹനങ്ങള്‍, അഞ്ച് സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളും തുര്‍ക്കിയിലെത്തിയിട്ടുണ്ട്. തുര്‍ക്കിയിലെ അദാനയില്‍ കണ്ട്രോള് റൂമും സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ 7.8 തീവ്രതയുളള ഭൂചലനം തുര്‍ക്കിയില്‍ തീര്‍ത്തത് അസാധാരണമായ ഭൗമമാറ്റമെന്ന് വിദഗ്ദ്ധന് പറയുന്നു. തുര്‍ക്കി സ്ഥിതിചെയ്യുന്ന ഭൗമഫലകങ്ങളെ മൂന്നടി വരെനീക്കാന് ഈ ഭൂചലനത്തിനായി. ഇറ്റാലിയന്‍ ഭൂകമ്പ പഠന ശാസ്ത്രജ്ഞനായ കാര്‍ലോ ഡോഗ്ളിയോണിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
സിറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ തുര്‍ക്കി മുന്‍പ് നിന്നതില്‍ നിന്നും ആറ് മീറ്റര്‍ വരെ പടിഞ്ഞാറ് ഭാഗത്തേക്ക് വഴുതി നീങ്ങിയിരിക്കുകയാണെന്നാണ് ഡോഗ്ളിയോണി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ പ്രാഥമികമായി മനസിലാക്കാവുന്നത് മാത്രമാണെന്നും ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വഴി വരുംദിവസങ്ങളില്‍ കൃത്യമായ വിവരം ലഭിക്കുമെന്നുമാണ് സൂചനകള്‍.
Post Your Comments