കല്ലുറുച്ചി: പശുവിന്റെ ബേബി ഷവർ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ കല്ലുറുച്ചി ജില്ലയിലെ ഗ്രാമവാസികൾ.
ഗർഭിണിയായ പശുക്കൾക്ക് ബേബി ഷവർ നടത്തുന്ന ചടങ്ങ് ദൈവഭാരായി എന്നാണ് അറിയപ്പെടുന്നത്. അംശവേണി എന്ന പശുവിന്റെ ദൈവഭാരായി ചടങ്ങാണ് ഗ്രാമവാസികൾ ചേർന്ന് ആഘോഷമായി നടത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ 500 -ലധികം ആളുകൾ കല്ലുറുച്ചി ജില്ലയിലെ ശങ്കരപുരത്തിന് സമീപം എത്തി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകൾ പശുവിന് 24 തരം വിഭവങ്ങൾ സമ്മാനിച്ചു. കൂടാതെ 48 ഇനം വ്യത്യസ്ത സമ്മാനങ്ങളും നൽകി.
പശുവിന്റെ കൊമ്പിൽ പല വർണ്ണത്തിലുള്ള വളകൾ ചാർത്തിക്കൊണ്ടുള്ള വളക്കാപ്പ് ചടങ്ങും ആഘോഷമായി നടത്തി. ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുൾതാരം തിരുപൂരസുന്ദരിയമ്മൈ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പശു. ചടങ്ങിൽ പങ്കെടുത്തവർ പാട്ടും നൃത്തവുമായി ചടങ്ങ് ഗംഭീരമാക്കുകയും ക്ഷേത്ര ഭാരവാഹികളുടെ മേൽനോട്ടത്തിൽ പശുവിനായി പ്രത്യേക പൂജകളും ക്ഷേത്രത്തിൽ സംഘടിപ്പിക്കുകയും ചെയ്തു.
Post Your Comments