കണ്ണൂർ: ഓടുന്ന കാർ കത്തിയതിനെ തുടർന്ന് പൂർണഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. പ്രസവവേദനയെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭർത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കാറിൽനിന്ന് രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന് ചില വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്ന് ഫൊറൻസിക് അധികൃതർ വ്യക്തമാക്കി. ഇത്തരം വാർത്തകൾ വേദനാജനകമാണെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും പറഞ്ഞു. ‘രണ്ട് കുപ്പിയിൽ കുടിവെള്ളമുണ്ടായിരുന്നു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ല. പെട്രോൾ എന്തിന് കുപ്പിയിൽ നിറച്ച് കാറിൽ വെക്കണം. വഴിയിൽ എത്ര പെട്രോൾ പമ്പുകളുണ്ട്. വീട്ടിനടുത്തുമുണ്ട് പമ്പ്’- മരിച്ച റീഷയുടെ അച്ഛൻ കെ.കെ. വിശ്വനാഥൻ പറഞ്ഞു.
‘അഗ്നിരക്ഷാസേനാ ഓഫീസിന് മുന്നിലെത്തിയപ്പോൾ കാറിൽ എന്തോ കരിഞ്ഞമണമുയർന്നു. പെട്ടെന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽനിന്ന് തീ ഉയർന്നു. ഉടൻ കാർ നിർത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. പിൻസീറ്റിലിരുന്ന ഞങ്ങൾ ഒരുവിധം ചാടിയിറങ്ങുമ്പോഴേക്കും കാറിൽ തീപടർന്നിരുന്നു. മുന്നിലിരുന്ന രണ്ടുപേർക്കും ഇറങ്ങാൻ സാധിച്ചില്ല. എത്ര ശ്രമിച്ചിട്ടും വാതിൽ തുറന്നുകൊടുക്കാൻ ഞങ്ങൾക്കും സാധിച്ചില്ല.’ വിശ്വനാഥൻ കൂട്ടിച്ചേർത്തു.
അതേസമയം റീഷയുടെയും പ്രജിത്തിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിനു ശേഷം സംസ്കരിച്ചു. റീഷയുടെ വയറ്റിൽ പൂർണവളർച്ചയെത്തിയ കുഞ്ഞായിരുന്നു. കുഞ്ഞിനെ വേർപെടുത്താതെ അമ്മയോട് ചേർത്തുതന്നെയാണ് സംസ്കരിച്ചത്. കുടുംബത്തിന്റെ അഭിപ്രായം ഇക്കാര്യത്തിൽ ജില്ലാ ആശുപത്രി അധികൃതർ ആരാഞ്ഞിരുന്നു. പോലീസ് സർജൻ അഗസ്റ്റസ് ജോസഫിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്.
Post Your Comments