KeralaLatest NewsNews

‘കേന്ദ്ര സർക്കാർ കക്കൂസ് പണിയാൻ വേണ്ടി ഇന്ധന വില കൂട്ടി, കേരളം ക്ഷേമപെൻഷനുകൾ നൽകാൻ വേണ്ടിയും’: ജോമോൾ ജോസഫ്

സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണത്തിനെതിരെ ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. മലയാളികളെ തൊട്ടുതലോടി കുനിച്ചു നിർത്തി കൂമ്പിനിടിച്ചു ഭിത്തിയിൽ പിടിച്ചൊട്ടിച്ചു മുന്നേറുകയാണ് കേരള സർക്കാരെന്ന് ജോമോൾ ഫേസ്‌ബുക്കിൽ കുറിച്ചു. പിണറായി സർക്കാരിനും കേരളത്തിലെ സി.പി.എമ്മിനും കമ്മ്യൂണിസം നഷ്ടപ്പെടുന്നുവെന്നും ജോമോൾ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പിണറായി സർക്കാരിനും കേരളത്തിലെ സിപിഎമ്മിനും കമ്മ്യൂണിസം നഷ്ടപ്പെടുന്നു..
ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റ് നോക്കൂ..
1. ഇന്ധന സെസ് ആയി 2 രൂപയാണ് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും അധികമായി കേരള സർക്കാർ ചുമത്തിയത്. ഇന്ധന വില ഉയരുമ്പോൾ ചരക്കുകൂലി ഉയരും, ചരക്കുകൂലി ഉയരുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ മുഴുവൻ വിലയും ഉയരും. അത് ദൈനദിന ജീവിത ചിലവുകൾ ഉയരുന്നതിനു കാരണമാകും.
കേന്ദ്രസർക്കാർ കക്കൂസുകൾ പണിയാൻ എന്നപേരിൽ പെട്രോൾ ഡീസൽ വിലകൾ ദിവസവും വർധിപ്പിച്ചു വർധിപ്പിച്ചു സാധാരണ മനുഷ്യരുടെ നടുവൊടിച്ചപ്പോൾ, അതിനെതിരെ സമരം ചെയ്ത പാർട്ടിയുടെ സർക്കാർ ഭരിക്കുമ്പോൾ, ഇന്ധനവിലവർധനവിനെതിരെ ചർച്ചനടന്ന നിയമസഭയിൽ, അതെ പാർട്ടിയുടെ സർക്കാർ ആണ് ഇന്ധന സെസ് എന്നപേരിൽ ഇന്ധന വില കൂട്ടിയത് എന്നതാണ് വിരോധാഭാസം. കേന്ദ്രസർക്കാർ കക്കൂസ് പണിയാൻ വേണ്ടി ഇന്ധന വില കൂട്ടിയപ്പോൾ കേരള സർക്കാർ ക്ഷേമപെൻഷനുകൾ നൽകാൻ വേണ്ടിയാണ് വില കൂട്ടിയത് എന്നതാണ് രസകരം. ചുരുക്കി പറഞ്ഞാൽ എനിക്ക് ചായ വാങ്ങിത്തരാം എന്ന് പറഞ്ഞ് എനിക്ക് ചായ വാങ്ങിത്തരുന്നു, പക്ഷെ ചായയുടെ കാശിന്റെ പല മടങങ് എന്നോട് തന്നെ വാങ്ങിയെടുക്കുന്നു..
2. സ്ഥലത്തിന്റെ അടിസ്ഥാന വിലകൾ മാറുകയും രെജിസ്ട്രേഷൻ ചാർജ് കൂട്ടുകയും ചെയ്തു..
സാധാരണക്കാരായ മനുഷ്യർ ഒരു 2 സെന്റോ 5 സെന്റോ സ്ഥലം വാങ്ങാൻ ഇറങ്ങി തിരിച്ചാൽ, സ്ഥലം വാങ്ങുന്നതിനായി മുതൽ മുടക്കുന്നതിന്റെ പകുതിയോളം കാശ് ഇനി ആ സ്ഥലം രജിസ്റ്റർ ചെയ്യണം എങ്കിൽ സർക്കാരിനും എഴുത്തു കൂലിയും ഒക്കെയായി കൊടുക്കേണ്ട അവസ്ഥ!! ആ അവസ്ഥ ഉണ്ടാക്കിയത് ഒരു ഇടതു സർക്കാർ ആണ് എന്നതാണ് രസകരം!!
3. വീട്ടു നികുതി കുത്തനെ ഉയർത്തുന്നു.
4. സർക്കാർ ഫീസുകൾ കുത്തനെ ഉയർത്തുന്നു.
ഇടതു കമ്മ്യൂണിസ്റ്റ്‌ ലൈൻ എന്നത് തന്നെ സാധാരണ പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ സൗജന്യമായിരിക്കണം എന്നതാണ്‌. അങ്ങനെ ഇടതു കമ്മ്യൂണിസ്റ്റ് ലൈനിൽ നിൽക്കുന്നു എന്ന് പറയുന്ന സർക്കാരാണ് സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുത്തനെ ഉയർത്തിയത്.
5. കോടതി ഫീസുകൾ കുത്തനെ വർധിപ്പിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മജിസ്‌ട്രേറ്റ് കോടതിയിലോ ജില്ലാ കോടതിയിലോ പോലും പോയി കേസുകൾ നടത്തുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല. കാരണം വക്കീലിനു ഫീസ് നൽകണം എങ്കിൽ സാധാരണ മനുഷ്യർ ഒരാഴ്ച കൂലിപ്പണി എടുത്ത കാശ് തികയില്ല. ഹൈകോടതിയിലോ സുപ്രീം കോടതിയിലോ കേസ് നടത്തുക എന്നത് ഒരു സാധാരണക്കാരനെ കൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത കാലമാണ് ഇത്. ബാങ്കുകൾ റെവന്യൂ റിക്കവറി നടപടികൾ നടത്തുന്ന കോടതികളിൽ പോലും സ്വന്തം കിടപ്പാടം ജപ്തി ചെയ്തു പോകും എന്നറിയാമായിരുന്നിട്ട് കൂടി കേസ് പറയാൻ പോകാത്തതും ബാങ്കുകൾ അവർക്കനുകൂലമായ വിധികൾ സാമ്പാദിച്ചുകൊണ്ട് സാധാരണക്കാരന്റെ സ്വത്തുമായി പോകുന്നത് അവർക്ക് വക്കീലിന് കൊടുക്കാൻ ഉള്ള കാശ് അവരുടെ കയ്യിൽ ഇല്ലാത്തത് കൊണ്ട് മാത്രമാണ്.
6. മദ്യത്തിന്റെ വില തുടർച്ചയായി കൂട്ടുന്നു.
നമ്മുടെ നാട്ടിലെ സാധാരണ മനുഷ്യരുടെ സന്തോഷിക്കാനുള്ള ഒരു ഉപാധിയാണ് മദ്യം. കൂലിപ്പണിക്കാരും ഒക്കെയാണ് ദിവസവും മദ്യം വാങ്ങിക്കുന്നവിൽ ഭൂരിഭാഗവും. എല്ലുമുറിയെ പണിയെടുത്തു കിട്ടുന്ന കാശിൽ നിന്നും ഒരു കോർട്ടറും വാങ്ങി രണ്ടെണ്ണം കഴിച്ചിട്ട് കിടന്നുറങ്ങാൻ വേണ്ടി മദ്യം വാങ്ങുന്ന സാധാരണക്കാരന്റെ ഡെയിലി ബഡ്ജറ്റ് താളം തെറ്റിക്കുന്നതാണ് ഇടയ്ക്കിടെയുള്ള മദ്യത്തിന്റെ വില വർദ്ധനവ്. പിണറായി സർക്കാർ ഭരണത്തിൽ വന്നിട്ട് ഏഴു വർഷമായി. ഈ ഏഴു വർഷം കൊണ്ട് എത്ര തവണയാണ് മദ്യത്തിന്റെ വില വർധിപ്പിച്ചത് എന്ന് പിണറായി സർക്കാരിന് പോലും ഓർമ്മയുണ്ടാകില്ല.
പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇരുന്നൂറ് ഇരുന്നൂറ്റമ്പത് രൂപയുണ്ടായിരുന്ന കുപ്പിക്കൊക്കെ ഏഴു വർഷങ്ങൾക്കിപ്പുറം ഇന്ന് അറുന്നൂറും എഴുന്നുറും രൂപയായി വില. ഇതെന്താ വെള്ളരിക്കാപട്ടണമോ ?
മദ്യത്തിന്റെ വില കൂട്ടി കൂട്ടി സർക്കാർ പാവപ്പെട്ട മനുഷ്യരെ കൊള്ളയടിക്കുമ്പോൾ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് ?
പിണറായി സർക്കാർ അധികാരത്തിൽ വരുന്ന കാലത്ത്, അതായത് ഏഴു വർഷങ്ങൾക്ക് മുമ്പ് നമ്മളൊന്നും MDMA എന്നൊന്നും കേട്ടിട്ട് പോലും ഉണ്ടാകില്ല. അന്നൊക്കെ നമ്മുടെയൊക്കെ നാട്ടിൽ കഞ്ചാവ് വലിക്കുന്ന രണ്ടോ മൂന്നോ മനുഷ്യരെ ചിലപ്പോൾ കണ്ടേക്കാം.
എന്നാൽ ഏഴു വർഷങ്ങൾക്കിപ്പുറം ഇപ്പോളെന്താ അവസ്ഥ?
പണ്ടൊക്കെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ഒരു ബിയറോ, രണ്ടു സ്മോളോ ഒക്കെ കഴിച്ചുകൊണ്ട് സന്തോഷിച്ചിരുന്നതിനു പകരമായി, ഇന്ന് കഞ്ചാവും MDMA പോലുള്ള രാസമയക്കു മരുന്നുകളും നമ്മുടെ നാട്ടിൽ സുലഭമായി. പണ്ടൊക്കെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്ന കഞ്ചാവ് പിടിക്കുന്ന വാർത്തകളിൽ അരകിലോ കഞ്ചാവ് പിടിച്ചു, ഒരു കിലോ കഞ്ചാവ് പിടിച്ചു എന്നൊക്കെ ആയിരുന്നു നമ്മൾ വായിച്ചിരുന്നത് എങ്കിൽ ഏഴു വർഷങ്ങൾക്കിപ്പുറം ഇപ്പോൾ നമ്മൾ വായിക്കുന്ന വാർത്തകളിൽ ടൺ കണക്കിന് കഞ്ചാവും, കിലോക്കണക്കിന് MDMA യും ഒക്കെ പിടിക്കുന്ന വാർത്തകൾ ദിവസവും നമ്മൾ കാണുന്നു.
നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ അവസ്ഥയോ ?
30 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരിൽ വലിയൊരു ശതമാനം കഞ്ചാവിനും MDMA പോലുള്ള രാസലഹരികൾക്കും അടിമകളായി. 20 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരുടെ അവസ്ഥയോ? എന്തിനു സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും രാസലഹരികൾ നിർബാധം ലഭിക്കുന്നു!!
നമ്മുടെ നാട്ടിൽ രാസലഹരികൾ ഇത്രയധികം വ്യാപകമായതിന്റെ ധാർമ്മീകഉത്തരവാദിത്തം പിണറായി സർക്കാറിനാണ്. മദ്യവില ഇങ്ങനെ കുത്തനെ ഉയർത്തുമ്പോൾ മനുഷ്യർ ചെലവ് കുറഞ്ഞ ലഹരികൾ തേടിപോകും. ലഹരി എന്നും മനുഷ്യരുടെ ആവശ്യകത തന്നെയായിരുന്നു, ഇനിയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.
എന്നുകരുതി പിണറായി സർക്കാർ കഞ്ചാവിനും MDMA പോലുള്ള രാസലഹരികൾക്കും കൂടി നികുതി കൊണ്ടുവരാൻ ശ്രമിക്കരുത്. ആകെ ഇനി ഇതിനു മാത്രമേ ഇത്തവണത്തെ ബഡ്‌ജറ്റിൽ നികുതി ചുമത്താൻ ബാക്കിയുള്ളൂ.
? ഇനി നിങ്ങൾ പറയൂ, സാധാരണക്കാരന്റെ നിത്യജീവിതത്തിനുള്ള അവന്റെ വിയർപ്പിൽ നിന്നും ഊറ്റിയെടുത്തു സർക്കാർ നടത്തി കൊണ്ടുപോകുക എന്നതാണോ കമ്മ്യൂണിസ്റ്റ്‌ ലൈൻ? സാധാരണക്കാരനെ ഊറ്റുന്നതിനു പകരം upper class മനുഷ്യരെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന, അവരിൽ നിന്നും അധിക വരുമാനം ലക്ഷ്യം വെക്കുന്ന എന്ത് നികുതി നിർദ്ദേശമാണ് ഈ ബഡ്‌ജറ്റിൽ ഉള്ളത്?
ഈ ബഡ്‌ജറ്റിന് എതിരായോ ഏതെങ്കിലും അധിക നികുതി നിർദ്ദേശങ്ങൾക്ക് എതിരെയായോ സംസാരിക്കുന്ന ഏതെങ്കിലും മധ്യ വർഗ്ഗ മനുഷ്യരെയോ, അപ്പർക്ലാസ്സ്‌ മനുഷ്യരെയോ, ബിസിനസ്സുകാരെയോ നിങ്ങൾ കണ്ടോ?
കാണില്ല, കാരണം പിണറായി സർക്കാരിന് കമ്മ്യൂണിസ്റ്റ്‌ ലൈൻ നഷ്ടപ്പെട്ടു കഴിഞ്ഞു. പിണറായി സർക്കാർ സാധാരണ മനുഷ്യരുടെ സർക്കാരല്ലാതായി മാറി, പിണറായി സർക്കാർ മധ്യവർഗ്ഗത്തിന്റെയും അപ്പർക്ലാസ്സിന്റെയും സർക്കാർ ആയി മാറി.
പാർട്ടിയുടെ പ്രാദേശീക നേതാക്കൾക്ക് വരെ ബിനാമി ഇടപാടുകളും, വൻ ബിസിനെസ്സ് ഇടപാടുകളും, റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഒക്കെയായി മാറിയ ഇക്കാലത്തെ കമ്മ്യൂണിസം ഇങ്ങനെയൊക്കെയായിരിക്കും. നിരോധിത ലഹരിവസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് CPIM ജില്ലാനേതാക്കളുടെ വരെ പേരുകൾ വരെ ഉയർന്നു വരുന്ന നവയുഗ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിൽ, ജില്ലാകമ്മറ്റിക്ക് താഴെയുള്ള പ്രാദേശീക നേതാക്കളുടെ അവസ്ഥ എന്തായിരിക്കും?
മകന് ബൈക്ക് വാങ്ങി കൊടുത്ത പാർട്ടി മെമ്പർ, ആ പണം എങ്ങനെ സ്വരൂപിച്ചു എന്ന് ബ്രാഞ്ച് കമ്മിറ്റിയിൽ വിശദീകരിക്കേണ്ടിയിരുന്ന കാലഘട്ടത്തിൽ നിന്നും, ഇന്നത്തെ അവസ്ഥയിലേക്ക് ഈ പാർട്ടി എത്തിയത് തന്നെയാണ് ഈ പാർട്ടിക്ക് ബംഗാളിൽ അടിവേര് നഷ്ടപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഈ പോക്ക് പോയാൽ അടിവേരുനഷ്ടപ്പെട്ട അതെ ബംഗാൾ ലൈനിലേക്ക് കേരളത്തിലെ CPIM എത്തിപ്പെടാൻ അധിക വർഷങ്ങൾ വേണ്ടി വരില്ല. കാരണം ഇന്നത്തെ കാലത്തെ CPIM മെമ്പർഷിപ്പിൽ ഉള്ള നല്ലൊരു ശതമാനം ആളുകളുടെയും നിലവാരം അത്ര ഉന്നതമാണ്.
ചില പാർട്ടിമെമ്പർമാര് പോലും അഹങ്കാരത്തിന്റെയും പാർട്ടിയെ മറയാക്കി പണം സമ്പാദിക്കലിന്റെയും, നിയമവിരുദ്ധ ഇടപാടുകളുടെയും മറയായി പാർട്ടി മെമ്പർഷിപ്പിനെ കാണുന്ന ഈ കാലത്ത്, ചില ബ്രാഞ്ച് സെക്രട്ടറിമാർ പഴയ അധികാരിയുടെ നിലപാടിലേക്കും, ലോക്കൽ സെക്രട്ടറിയോ ഏരിയകമ്മിറ്റി അംഗങ്ങളോ പഴയ ജന്മിമാരെപോലെ പോലെ പെരുമാറുന്നതിനും കുറ്റം പറയാൻ പറ്റില്ലല്ലോ. ജന്മിത്തം തൂത്തെറിഞ്ഞു എന്ന് വീമ്പുപറയുന്ന കേരളത്തിലെ സിപിഎം പ്രാദേശിക നേതാക്കൾ ജന്മിമാരെ പോലെ നടിക്കുകയും, അനുഭാവികളെയോ സാധാരണ ജനങ്ങളെയോ കുടിയന്മാരോ അടിയാളരോ ആയി കാണുകയോ ചെയ്യുന്ന നിലപാടും നമ്മുടെ നാട്ടിലെ പ്രാദേശീക സിപിഎമ്മിന്റെ നേർക്കാഴ്ചയായി മാറിക്കഴിഞ്ഞു.
ജനങ്ങളിൽ നിന്നും ചെറിയ ചെറിയ സംഭാവനകൾ സ്വീകരിച്ചു പാർട്ടി പരിപാടികൾ നടത്താനും, പങ്കാളിത്തം ഉറപ്പുവരുത്താനും പ്രാദേശിക സിപിഎം നേതൃത്വങ്ങൾക്ക് കഴിയാറില്ല, മറിച്ച് ഭരണം കയ്യിലുള്ള തൃതല പഞ്ചായത്തുകളിൽ കോൺട്രാക്ടർമാരോട് ഭീമമായ പിരിവു വാങ്ങി പകൽ കൊള്ളനടത്താൻ അവർക്ക് ഒത്താശചെയ്ത് കൊണ്ട്, കുടുംബശ്രീ അമഗങ്ങളെയോ തൊഴിലുറപ്പ് തൊഴിലാളികളെയോ പങ്കെടുപ്പിച്ചുകൊണ്ട് മാത്രമാണ് പ്രാദേശീക സിപിഎം പരിപാടികളൊക്കെ തട്ടിക്കൂട്ടുപരിപാടികൾ ആയി ഇന്ന് നടത്തപ്പെടുന്നത്.
CPIM മെമ്പർമാർക്കോ, ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങൾക്കോ പോലും സംശുദ്ധതയോ ഉയർന്ന നിലവാരമോ കേരളത്തിലെ CPIM ആഗ്രഹിക്കുന്നില്ല, മറിച്ച് എത്രകാലം ഭരണം നിലനിർത്താം എന്നത് മാത്രമാണ് CPIM ആലോചിക്കുന്ന വിഷയം..
സിപിഎമ്മിൽ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റുകൾ എങ്കിലും ഇതിനെതിരായി ഉൾപ്പാർട്ടി സമരം ആരംഭിക്കാൻ ഇനിയും വൈകിയാൽ, ആകെയുള്ള ഈ തുരുത്തും കൈമോശം വരും. ചോദ്യങ്ങൾ ചോദിക്കുന്നവരെ, വിമർശനം ഉന്നയിക്കുന്നവരെ വിരുദ്ധന്മാരായി മുദ്രകുത്താനും പാർട്ടി വഞ്ചകരായി ചാപ്പകുത്താനും തന്നെയാകും ഇവരൊക്കെ ശ്രമിക്കുക എന്നത് കൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്.
സാധാരണ മനുഷ്യന് അത്താണിയായ കമ്മ്യൂണിസം ഈ നാട്ടിൽ ഇനിയും തുടരേണ്ടത് ഈ സമൂഹത്തിനും വരും തലമുറക്കും ഗുണകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button