ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജരിവാളിനുമെതിരെ കുറ്റപത്രം നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. വിജയ് നായർ ഉൾപ്പെടെയുള്ളവർ 100 കോടിയിലേറെ സമാഹരിച്ചെന്നും അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ പ്രചാരണത്തിന് ഉപയോഗിച്ചെന്നും കുറ്റപത്രം പറയുന്നു.
സിബിഐയും, ഇഡിയും നേരത്തെ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുടുതൽ വിശദാംശങ്ങൾ ലഭ്യമായതിനെ തുടർന്നാണ് ഇഡി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. 32 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിബിഐ കണ്ടെത്തൽ. എന്നാൽ ഇഡി ഇതിന്റെ മൂന്നിരട്ടി അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. വിജയ് നായർ എന്ന ഇടനിലക്കാരൻ വഴിയാണ് ആം ആദ്മിക്ക് പണം ലഭിച്ചതെന്നും ഇയാളാണ്
അഴിമതിയുടെ മുഖ്യ സൂത്രധാരനെന്നും കുറ്റപത്രത്തിൽ പറയുന്നു.
മദ്യ അഴിമതിയിലൂടെ ലഭിച്ച പണത്തിൽ ബഹുഭൂരിപക്ഷം ചെലവഴിച്ചത് ഗോവയിലെ തെരഞ്ഞടുപ്പിന് വേണ്ടിയാണെന്നും, തെരഞ്ഞെടുപ്പ് സർവേ നടത്തിയ വളണ്ടിയർമാർ ഒരാൾക്ക് 70 രൂപ വരെ നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ജ്യൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇൻഡോ സ്പിരിറ്റ് ഉടമയുമായി മുഖ്യമന്ത്രി കെജ്രിവാൾ ഫെയ്‌സ് ടൈം വീഡിയോ കോളിലൂടെ സംസാരിച്ചതായും സംസാരത്തിനിടെ വിജയ് നായർ തന്റെ സ്വന്തം ആളാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്ന് പറയുന്നതായും ഇഡി കണ്ടെത്തി. വിജയ് നായരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നും ഇഡി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.
Post Your Comments