ഗുവാഹത്തി: ആരോഗ്യപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാൽ സ്ത്രീകൾ ഉചിതമായ പ്രായത്തിൽ തന്നെ മാതൃത്വം സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രായപൂർത്തിയാകാത്ത വിവാഹങ്ങളും മാതൃത്വവും നിർത്താനുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത ശർമ്മ ആവർത്തിച്ചു. ഒരു സർക്കാർ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈശവ വിവാഹങ്ങളും പ്രായപൂർത്തിയാകാത്ത മാതൃത്വവും തടയുന്നതിന് കർശനമായ നിയമങ്ങൾ കൊണ്ടുവരാനും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമം കൊണ്ടുവരാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ.
14 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്നും, ഭർത്താക്കന്മാർ അറസ്റ്റിലാകുമെന്നും ശർമ്മ പറഞ്ഞു. അമ്മയാകുന്നതിനുള്ള അനുയോജ്യമായ പ്രായം 22 മുതൽ 30 വരെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. വിവാഹത്തിന് ശേഷം സ്ത്രീകൾ അമ്മയാകാൻ അധികം കാത്തിരിക്കേണ്ടതില്ലെന്നും, ഇത് സങ്കീർണതകളിലേക്ക് നയിക്കുന്നുവെന്നും ശർമ്മ പറഞ്ഞു.
Post Your Comments