പാലക്കാട്: പാലക്കാട് ധോണി ജനവാസ മേഖലയെ വിറപ്പിച്ച പിടി 7നെ മയക്കുവെടിവച്ചു. ഡോ. അരുൺ സക്കറിയ, ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ഇന്ന് രാവിലെ 7.10നാണ് പിടി സെവനെ മയക്കുവെടി വച്ചത്. മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇപ്പോൾ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്.
45 മിനിറ്റ് വരെയാണ് മയക്കുവെടിയുടെ ആഘാതമുണ്ടാവുക. അതിനുള്ളിൽ കുങ്കിയാനകളെ ഉപയോഗിച്ച് പിടി 7നെ ലോറിയിൽ കയറ്റണോ രണ്ടാമതൊരു മയക്കുവെടി കൂടി വയ്ക്കണോ എന്ന കാര്യത്തിൽ വ്യക്തത വരുന്നതേയുള്ളുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.
പിടി സെവനെ പിടികൂടുന്നതിലെ ആദ്യ ദൗത്യമാണ് മയക്കുവെടി വയ്ക്കുക എന്നത്. പിടി 7നെ യൂകാലിപ്റ്റസ് കൂട്ടിലേക്ക് എത്തിച്ചാൽ മാത്രമേ ദൗത്യം പൂർത്തിയാകൂ. കൂട്ടിൽ ചൂടില്ലാതിരിക്കാൻ മണ്ണ് നനച്ച് നിലം ഒരുക്കുക പോലുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.
Post Your Comments