Latest NewsKerala

രാത്രി വീട്ടിലെത്തിയ യുവാവിനെപ്പറ്റി ചോദിച്ചു, പിണങ്ങിക്കഴിയുന്ന അമ്മയ്‌ക്കൊപ്പംചേര്‍ന്ന് മകള്‍ അച്ഛനെതിരെ പരാതി നൽകി

തൃശ്ശൂർ: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യംചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തിൽ പോലീസ്‌കൂടി ആരോപണ നിഴലിലാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊതുപ്രവർത്തകൻകൂടിയായ, കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. വിവാഹമോചനക്കേസും നടക്കുകയാണ്. 14 വയസ്സുള്ള മകൾ അഞ്ചാം വയസ്സുമുതൽ അച്ഛനോടൊപ്പമായിരുന്നു താമസം.

കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലാണ് മകൾ പഠിച്ചിരുന്നത്. ഒരു ദിവസം രാത്രി മകളെ കാണാതായപ്പോൾ അന്വേഷിച്ച അച്ഛൻ വീട്ടുപറമ്പിൽ മകളെയും ഒരു യുവാവിനെയും ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഇത് ചോദ്യംചെയ്തതിൽ കുപിതയായ മകൾ അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയി. കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ അച്ഛൻ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വാടാനപ്പള്ളി പോലീസിൽ പരാതിപ്പെടാനെത്തിയപ്പോഴാണ് മകൾ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ‌

മകൾ നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽക്കഴിഞ്ഞ അച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയും പോലീസും ചേർന്ന് നടത്തിയ പിന്നാമ്പുറ കഥകൾ അറിഞ്ഞത്. അമ്മയുടെ പ്രേരണയിൽ കുട്ടി പരാതിപ്പെടുകയായിരുന്നുവെന്നാണറിവ്. ‌നേരത്തെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഡിവൈ.എഫ്.ഐ. പ്രവർത്തകനെ മർദിച്ച കേസിൽ പോലീസിനെതിരേ സാക്ഷി പറഞ്ഞയാളാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾ.

കുട്ടിയുടെ പരാതി കിട്ടിയ ഉടൻ പോലീസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റുചെയ്ത് ക്രൂരമായി മർദിക്കുകയായിരുന്നു. സ്റ്റേഷനിൽ മർദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തി. കള്ളക്കേസാണെന്നും പോലീസും ഇതിന് കൂട്ടുനിന്നെന്നും തെളിവുകൾ സഹിതം ഇയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button