തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്മസ് പുതുവത്സര ബമ്പർ ( X mas New Year Bumper BR-89 ) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 400 രൂപ വിലയുള്ള ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 16 കോടി രൂപയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്. ആർക്കാകും 16 കോടി ലഭിക്കുക എന്ന കാത്തിരിപ്പിലാണ് ഭാഗ്യാന്വേഷികൾ.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും.
XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ 10 സീരിസുകളിലായാണ് ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറികൾ പുറത്തിറക്കിയിരിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. കഴിഞ്ഞവർഷം 12 കോടി സമ്മാനമുള്ള ക്രിസ്മസ് ബമ്പറിന്‍റെ നിരക്ക് 300 രൂപ ആയിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. ക്രിസ്മസ് ബമ്പർ നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബമ്പർ ലോട്ടറിയുടെ ലോഞ്ചിങ്ങും ഇന്ന് നടക്കും. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപറിന്‍റെ ടിക്കറ്റ് വില 250 രൂപയാണ്.
കേരള ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും നിങ്ങൾക്ക് തുക കരസ്ഥമാക്കാനാകും. എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
Post Your Comments