തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരാഴ്ചക്കുള്ളിൽ വിഴിഞ്ഞം, കാഞ്ഞിരംകുളം സ്റ്റേഷൻ അതിർത്തികളിൽ നിന്നായി മൂന്ന് പേരെയാണ് സംഘം കൊള്ളയടിച്ചത്. കരിംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജി (19) യെയാണ് കാഞ്ഞിരംകുളം സിഐ അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ നടന്നു പോവുകയായിരുന്ന കരിച്ചൽ ചാവടി സ്വദേശി ഉഷയുടെ കൈയ്യിലുണ്ടായിരുന്ന 2500 -ഓളം രൂപയും മൊബൈൽ ഫോണുമടങ്ങിയ പഴ്സ് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ വയോധികനായ കരിച്ചൽ സ്വദേശി സാമുവൽ(82) നെയും വെള്ളിയാഴ്ച സമാനമായ രീതിയിൽ കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം കോട്ടുകാൽ പുന്നവിള മാവിള വീട്ടിൽ യശോധ (65)യുടെ കൈയില്‍ നിന്നും ബാങ്കിൽ നിന്ന് വീണ്ടെടുത്ത പണയാഭരണമായ നാല് പവനും ഒൻപതിനായിരം രൂപയും മൊബൈൽ ഫോണുമടങ്ങിയ പഴ്സുമായി കടന്നു കളഞ്ഞു.
വിജനമായ സ്ഥലങ്ങളിൽ നിന്ന് കൊള്ള നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇവര്‍ക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെങ്കിലും നിരവധി കാമറദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കിയെങ്കിലും വിഴിഞ്ഞം പൊലീസിന് പ്രതികളെക്കുറിച്ച് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
എന്നാൽ, കാഞ്ഞിരംകുളം പൊലീസ് നടത്തിയ തിരച്ചിലിൽ സംശയകരമായി കണ്ട പ്രതികളെ അക്രമത്തിനിരയായ ഒരാൾ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഷാജിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളെ കുറിച്ച് വ്യക്തമായത്. ഓരോ മോഷണങ്ങൾക്കും ഷാജിക്ക് ആയിരം രൂപ വീതം പ്രതിഫലം നൽകിയിരുന്നതായും ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Post Your Comments