കട്ടക്ക്: കാണാതായ ഒഡീഷയിലെ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനെ (26) കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 11 മുതൽ രാജശ്രീയെ കാണാനില്ലായിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ആണ് വനത്തിനുള്ളിൽ വെച്ച് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്കൂട്ടർ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. അത്ഗഢ് പ്രദേശത്തെ ഗുരുദിജാട്ടിയ വനത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാജശ്രീയുടെ മരണം സംബന്ധിച്ച് എല്ലാ തരത്തിലുമുള്ള അന്വേഷണമുണ്ടാകുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമായി എന്തെങ്കിലും അറിയാൻ സാധിക്കുകയുള്ളൂ.
പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയ തല ടൂർണമെന്റിനായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പുരി ജില്ലയിലെ ക്രിക്കറ്റ് താരം. ടൂർണമെന്റിനായി തിരഞ്ഞെടുത്ത 16 അംഗ ടീമിൽ ഇടം നേടുന്നതിൽ രാജശ്രീ പരാജയപ്പെട്ടിരുന്നു. ഇതിന്റെ വിഷമം യുവതിക്ക് നല്ല രീതിയിൽ ഉണ്ടായിരുന്നു. ഈ സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, വലംകൈയ്യൻ ഫാസ്റ്റ് ബൗളറും മധ്യനിര ബാറ്റ്‌സ്മാൻ കൂടിയായ സ്വെയിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകളും കണ്ണുകൾക്ക് കേടുപാടുകളും സംഭവിച്ചതിനാൽ കൊലപാതകമാണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
‘ടീം അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചതിന് ശേഷം ബുധനാഴ്ച വൈകുന്നേരം അവൾ കരയുന്നത് കണ്ടു, താമസിയാതെ ഞങ്ങൾ എല്ലാവരും പരിശീലന സെഷനിൽ പങ്കെടുത്ത ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു’, രാജശ്രീയുടെ റൂംമേറ്റ് പറഞ്ഞു.
രാജശ്രീയെ ഫോണിൽ ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്ന് കട്ടക്ക് നഗരത്തിലെ പ്രാദേശിക മംഗളബാഗ് പോലീസ് സ്റ്റേഷനിൽ കോച്ച് പുഷ്പാഞ്ജലി ബാനർജി കാണാതായതായി പരാതി നൽകുകയായിരുന്നു.
Post Your Comments