
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തിരിച്ച് ജോലിക്ക് കയറിയാൽ ആർക്കായാലും ദേഷ്യം വരില്ലേ? അതുതന്നെയാണ് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള ഒരു കോൺസ്റ്റബിളിന്റെ ഭാര്യയ്ക്കും തോന്നിയത്. ഇനി അഥവാ ദേഷ്യം തോന്നിയാൽ ഭർത്താവ് എന്ത് ചെയ്യും? വിശദമായി മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ലീവ് നീട്ടി ചോദിക്കും. എന്നാൽ, കോൺസ്റ്റബിൾ ചെയ്തത് സത്യം തുറന്ന് പറഞ്ഞ് ലീവ് ചോദിച്ചു എന്നതാണ്. ഇതോടെ, ലീവ് ലെറ്റർ വൈറലായി.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള ഒരു കോൺസ്റ്റബിൾ എസ്പിക്ക് സമർപ്പിച്ച അവധി അപേക്ഷയാണ് ഓൺലൈനിൽ വൈറലായത്. തന്റെ ഭാര്യയ്ക്ക് ഭയങ്കര ദേഷ്യം വന്നിരിക്കുകയാണ് എന്നും അതിനാൽ ലീവ് തന്നേ തീരൂ എന്നുമാണ് കോൺസ്റ്റബിൾ എസ്‍പിക്ക് സമർപ്പിച്ച് ലീവ് അപേക്ഷയിൽ പറയുന്നത്. ലീവ് കിട്ടാത്ത കാരണം ദേഷ്യം വന്ന ഭാര്യ തന്റെ ഫോൺകോളുകൾ പോലും അറ്റൻഡ് ചെയ്യുന്നില്ല എന്നും ഇയാൾ അപേക്ഷയിൽ പറയുന്നു.
മാത്രമല്ല, എപ്പോഴൊക്കെ ഇയാൾ വിളിക്കുന്നുവോ അപ്പോഴെല്ലാം ഫോൺ ഭാര്യ ഇയാളുടെ അമ്മയുടെ കയ്യിൽ കൊടുക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു തന്റെ വിവാഹമെന്നും, അധികം സമയം ഭാര്യയുടെ കൂടെ ചെലവഴിക്കാതെ പെട്ടെന്ന് തന്നെ ജോലിക്ക് കയറേണ്ടി വന്നുവെന്നും യുവാവ് തന്റെ അപേക്ഷയിൽ പറയുന്നു. തനിക്ക് ജനുവരി 10 മുതൽ ഏഴ് ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കണം എന്നതാണ് യുവാവിന്റെ ആവശ്യം. ഏതായാലും കത്ത് വൈറലാവുക മാത്രമല്ല, പൊലീസുകാരന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
Post Your Comments