കണ്ണൂര്‍: സംസ്ഥാനത്തെ ഞെട്ടിച്ച അര്‍ബന്‍ നിധി സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡയറക്ടറായ ആന്‍റണി വെട്ടിച്ചത് കോടികളെന്ന് കേസിലെ പ്രതികളിലൊരാളായ ജീനയുടെ മൊഴി. പതിനേഴ് കോടിയോളം രൂപയാണ് ആന്റണി വെട്ടിച്ചതെന്നാണ് ജീന പറയുന്നത്. ആന്റണിയുടെ തട്ടിപ്പിൽ ഇരകളായവരിൽ താനും ഉൾപ്പെടുമെന്നാണ് പ്രതികൂടിയായ ജീനയുടെ വെളിപ്പെടുത്തൽ. തങ്ങളെ മുന്‍നിര്‍ത്തിയാണ് ആന്‍റണി കൊടുംവഞ്ചന നടത്തിയതെന്നാണ് ജീന പോലീസിനോട് വെളിപ്പെടുത്തിയത്.
നിക്ഷേപകര്‍ക്ക് ആദായനികുതി പിടിക്കാതെയുള്ള വന്‍ലാഭത്തോടുകൂടിയുള്ള പണം തിരിച്ചടവായിരുന്നു വാഗ്ദാനം. കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരുടെ ബന്ധുക്കള്‍ക്ക് കമ്പനിയില്‍ ജോലിയും വാഗ്ദാനം ചെയ്തു. കമ്പനിയുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി ചിലർക്ക് ഇത്തരത്തിൽ ജോലി നൽകുകയും ചെയ്തിരുന്നു. മറ്റുളളവരെപ്പോലെ താനും സഹപ്രവര്‍ത്തകരായ മറ്റുജീവനക്കാരും തട്ടിപ്പിനിരയായെന്നാണ് ജീന വെളിപ്പെടുത്തുന്നത്. താനടക്കമുള്ളവർ ലക്ഷങ്ങള്‍ ഡെപോസിറ്റ് നല്‍കിയാണ് അര്‍ബന്‍ നിധിയില്‍ ജോലി സമ്പാദിച്ചതെന്നും ജീന പറയുന്നു.
അര്‍ബന്‍ നിധിയ്ക്കു സമാന്തരമായി ഡയറക്ടര്‍മാരായ ആന്‍റണിയും ഗഫൂറും ഷൗക്കത്തലിയും ചേര്‍ന്നാണ് എനി ടൈം മണിയെന്ന ആശയവുമായി മറ്റൊരു കമ്പനി കൂടി തുടങ്ങിയത്. അര്‍ബന്‍ നിധിയിലേക്ക് ഒഴുകിയെത്തിയിരുന്ന കോടികളുടെ നിക്ഷേപം ഇവര്‍ ആരുമറിയാതെ എനി ടൈം മണിയെന്ന പുത്തന്‍ കമ്പനിയിലേക്ക് ഒഴുക്കി. ഇതിൽ നിന്നും പതിനേഴ് കോടിയോളം രൂപ ആന്റണി ആരുമറിയാതെ ചോർത്തി. ഇതോടെ, കമ്പനിയുടെ അടിവേരിളകി. കമ്പനിയിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു.
ജീനയുടെ മിടുക്കും ബുദ്ധിസാമര്‍ത്ഥ്യവും കൊണ്ടാണ് ഭൂരിഭാഗം നിക്ഷേപങ്ങളും അര്‍ബൻ നിധിയിലെത്തിയിരുന്നത്. നിക്ഷേപകരെ കൂട്ടുന്നതിനിനനുസരിച്ച് ജീനയ്ക്കു നിക്ഷേപസമാഹരണത്തിലെ മികവിന് മാനേജ്‌മെന്‍റ് പ്രത്യേക ഇന്‍സെന്‍റീവും ശമ്പളവര്‍ധനവും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയിരുന്നു. ഇടപാടുകാരോട് വശ്യമായി പെരുമാറാനും കാര്യങ്ങള്‍ ഡീല്‍ ചെയ്യാനുള്ള മിടുക്കുമാണ് കമ്പനിയുടെ കണ്ണൂര്‍ യൂണിറ്റിന്‍റെ പ്രധാന മുഖമായി ജീനയെ മാറ്റിയത്. ആന്റണി ഒളിവിൽ പോയതോടെ കാര്യങ്ങൾ കൈവിട്ട് പോയി.
അതേസമയം, നിക്ഷേപ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതിയായ അസി. ജനറല്‍ മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കണ്ണൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഒന്നും മൂന്നും പ്രതികളായ തൃശൂര്‍ സ്വദേശി കെ. എം ഗഫൂര്‍(46) മലപ്പുറം സ്വദേശി ഷൗക്കത്തലി(43) എന്നിവരെ കണ്ണൂര്‍ ടൗണ്‍ സി ഐ പി എ ബിനുമോഹന്‍റെ നേതൃത്വത്തില്‍ ആറുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
Post Your Comments