Latest NewsKeralaNews

കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞു: മന്ത്രി

നിലമ്പൂര്‍: വ്യവസായ പ്രദർശന വിപണന മേളയ്ക്ക് നിലമ്പൂരിൽ തുടക്കം. താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തുന്ന വ്യവസായ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. പി.വി അൻവർ എം.എൽ.എ അധ്യക്ഷനായി. പവലിയൻ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. നിലമ്പൂർ നഗരസഭയുടെ സഹകരണത്തോടെ ജനുവരി 10 മുതൽ13 വരെ നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

സാങ്കേതിക തടസങ്ങളില്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നത് നടപ്പിലാക്കാൻ സാധിച്ചതിലൂടെ എട്ട് മാസത്തിനകം ഒരു ലക്ഷത്തിലേറെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാനത്തിനായെന്ന് മന്ത്രി പറഞ്ഞു. അതുവഴി മൂന്ന് ലക്ഷത്തോളം പേർക്കാണ് തൊഴിൽ നൽകാൻ കഴിഞ്ഞത്. എന്നും തൊഴിൽ അന്വേഷകരായി മാറി നിൽക്കാതെ സംരംഭങ്ങളിലൂടെ തൊഴിൽ ദാതാക്കളായി മാറുവാൻ യുവാക്കൾക്ക് കഴിഞ്ഞു എന്നുള്ളതാണ് സർക്കാറിന്റെ ഈ സംരംഭക വർഷത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ മാത്രം 10910 സംരംഭങ്ങളിലായി 796 കോടി നിക്ഷേപവും 25280 പേർക്ക് തൊഴിലും ലഭിച്ചിട്ടുണ്ട്. നിലമ്പൂർ താലൂക്കിൽ 1887 സംരംഭങ്ങളിലായി 112 കോടി നിക്ഷേപവും 4211 പേർക്ക് തൊഴിലുമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

മേള ഓഫീസ് ഉദ്ഘാടനം നിലമ്പൂർ നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. ഫുഡ് കോർട്ട് ഉദ്ഘാടനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവഹിച്ചു. മിഷിനറി എക്സ്പോ ഉദ്ഘാടനം നിലമ്പൂർ നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ നിർവഹിച്ചു. നിലമ്പൂർ താലൂക്ക് പരിധിയിലെ വിവിധങ്ങളായ ഉത്പന്നങ്ങൾ നിർമിക്കുന്ന 47 സംരംഭങ്ങളുടെ സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ളത്. കരകൗശല വസ്തുക്കൾ, യന്ത്രോപകരണങ്ങൾ ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ, ലൈവ് ഫുഡ് കോർട്ട് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത കൈത്തൊഴിലുകാരുടെയും ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെയും സ്റ്റാളുകളും ഉണ്ട്. ഉത്പാദകരിൽ നിന്ന് വിലക്കുറവോടെ നേരിട്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾക്ക് മേളയിൽ അവസരമുണ്ടാകും. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button