ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴിയിലുള്ള വൈരുദ്ധ്യമാണിപ്പോള്‍ അഞ്ജലിയുടെ മരണത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. അഞ്ജലിയും നിധിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് സുഹൃത്ത് നിധി അഞ്ജലിയുടെ കൂടെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അര്‍ധരാത്രി 1.32 ഓടെ അഞ്ജലി നിധിയെ വീട്ടില്‍ കൊണ്ട് വിട്ടതായാണ് പൊലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂട്ടര്‍ ആരോടിക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുവരും തമ്മില്‍ ഉണ്ടായത്. തുടര്‍ന്ന് നിധിയാണ് ആദ്യം സ്‌കൂട്ടര്‍ ഓടിച്ചത്. അല്പദൂരം പിന്നിട്ടതിന് ശേഷം നിധി അഞ്ജലിക്ക് സ്‌കൂട്ടര്‍ കൈമാറിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്തിയതിന് നേരെ വിപരീതമായാണ് നിധിയുടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് ഇല്ലായിരുന്ന നിധി അപകട സമയത്ത് വണ്ടിയില്‍ നിന്നും വശത്തേക്ക് തെറിച്ച് വീണിരുന്നതായി പറഞ്ഞിരുന്നു. അഞ്ജലി കാറിന് മുകളിലേക്കാണ് വീണതെന്നും തുടര്‍ന്ന് കാറില്‍ കുരുങ്ങി പോയതായാണ് നിധി പറഞ്ഞത്. കാറില്‍ കുരുങ്ങിയത് യാത്രക്കാര്‍ക്ക് മനസ്സിലായിട്ടും മനപ്പൂര്‍വ്വം കാറിടിച്ച് കയറ്റുകയും തുടര്‍ന്ന് കാറില്‍ വലിച്ചിഴയ്ക്കുകയുമായിരുന്നു. സംഭത്തില്‍ പരിഭ്രാന്തയായി വീട്ടിലെത്തിയ നിധി ഈ കാര്യം ആരോടും പങ്കുവെച്ചില്ലെന്നുമാണ് മൊഴി. അഞ്ജലി മദ്യപിച്ചിരുന്നതായും യുവതി പറഞ്ഞു. എന്നാല്‍ നിധിയുടെ ആരോപണം അഞ്ജലിയുടെ കുടുംബം നിഷേധിച്ചു. ഒരിക്കലും മദ്യപിച്ചനിലയില്‍ അഞ്ജലിയെ കണ്ടിട്ടില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം.
ഡല്‍ഹി പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അമ്മ പറഞ്ഞു. അഞ്ജലിയുടെ മൃതദേഹത്തില്‍നിന്ന് തലച്ചോറിന്റെ ഭാഗം നഷ്ടപ്പെട്ടിട്ടുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തല, നട്ടെല്ല്, ഇടത് തുട, കൈകാലുകള്‍ എന്നിവയ്‌ക്കേറ്റ കനത്തക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വാഹനാപകടവും തുടര്‍ന്നുണ്ടായ വലിച്ചിഴയ്ക്കലും മരണത്തിന് ആക്കംകൂട്ടി. അതേസമയം ലൈംഗികാതിക്രമം തെളിയിക്കുന്ന പരിക്കുകളൊന്നും യുവതിയുടെ മൃതദേഹത്തിലില്ലെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിദഗ്ധ പരിശോധനയ്ക്കയച്ച സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചതിനുശേഷംമാത്രമേ കൂടുതല്‍ കാര്യം പറയാനാകൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments