കൊടകര: തൃശൂർ കൊടകരയിൽ ചികിത്സ തേടിവന്ന വയോധികയെ കബളിപ്പിച്ച് ആഭരണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. മുംബൈയിൽ സ്ഥിരതാമസമാക്കിയ വെള്ളിക്കുളങ്ങര സ്വദേശി ശിൽപയാണ് അറസ്റ്റിലായത്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ രോഗിയുടെ അഞ്ചു പവന്റെ സ്വര്‍ണ്ണം തട്ടിയെടുത്തതും ശിൽപയാണെന്ന് തിരിച്ചറിഞ്ഞു.
തൃശൂർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് ശില്‍പ്പ സ്വര്‍ണ്ണം കവരാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികയുടെ അടുത്തേക്ക് ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന ശിൽപയെത്തി. എക്സറേ എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് എക്സറേ സെന്ററിനു സമീപത്തേയ്ക്കു കൂട്ടിക്കൊണ്ടുവന്നു. കൈയ്യിലാണ് എക്സ്റേ എടുക്കുന്നതെന്നും സര്‍ണ്ണാഭരണങ്ങള്‍ ഊരിത്തരണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, വയോധികയ്ക്ക് മുഖത്തായിരുന്നു പരിക്ക്. സംശയം തോന്നിയ സ്ത്രീ ആശുപ്രതിയിൽ ജോലി ചെയ്തിരുന്ന മകളെ വിളിച്ചു. മകള്‍ സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. കുടുങ്ങുമെന്നായപ്പോൾ മുങ്ങാൻ നോക്കിയ ശില്പയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Post Your Comments