ന്യൂഡൽഹി: നിര്യാതയായ തന്റെ മാതാവിനെ കുറിച്ച് ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറാം വയസ്സ് കഴിഞ്ഞിരിക്കെ അപ്രതീക്ഷിതമായി ഇഹലോകം വെടിഞ്ഞ തന്റെ മാതാവ് ഹീരാബെന്നിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. നൂറാം പിറന്നാളിന് ഹീരാബെൻ തന്റെ മകനായ നരേന്ദ്ര മോദിയോട് ഒരു കാര്യം പറഞ്ഞിരുന്നു. പ്രധാനമന്ത്രി ആ കാര്യം ഓർത്തെടുക്കുന്നു. ജീവിതം പൂർണ്ണമായും ജീവിക്കുക, വിവേകത്തോടെ പ്രവർത്തിക്കുക എന്നതായിരുന്നു ഹീരാബെൻ നരേന്ദ്ര മോദിയോട് പറഞ്ഞത്.
‘മഹത്തായ നൂറ്റാണ്ടിന് ഇനി ദൈവത്തിന്റെ പാദങ്ങളിൽ വിശ്രമം. ഒരു തപസ്സിൻറെ യാത്രയും കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾപ്പെടുന്ന ഒരു ത്രിത്വത്തെ ഞാൻ എപ്പോഴും അനുഭവിച്ചിട്ടുണ്ട്. അമ്മയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഞാൻ അവരെ കണ്ടപ്പോൾ അവർ ഒരു കാര്യം പറഞ്ഞു, അത് എല്ലായ്പ്പോഴും വിവേകത്തോടെ ഞാൻ എന്റെ ജോലിക്കിടെ ഓർക്കുന്നു. ജീവിതം പൂർണ്ണമായും ജീവിക്കുക, അതായത് വിവേകത്തോടെ പ്രവർത്തിക്കുക എന്നതായിരുന്നു ആ വാക്കുകൾ’, പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, വെള്ളിയാഴ്ച പുലർച്ചെയാണ് ഹീരാബെൻ ആശുപത്രിയിൽ വെച്ച് മരിച്ചത്. ആശുപത്രി അധികൃതർ ആണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. ‘ശ്രീമതി ഹീരാബെൻ മോദി 30/12/2022 ന് പുലർച്ചെ 3:39 ന് യുഎൻ മേത്ത ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സയ്ക്കിടെ അന്തരിച്ചു’ ബുധനാഴ്ച മുതൽ അവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി ഒരു പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments