മലപ്പുറം: പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് സീറ്റുകൾ വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയെടുത്ത യുവാവ് പിടിയില്‍. ബംഗളൂരുവിൽ നിന്നാണ് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. ആലപ്പുഴ വെട്ടിയാർ മാങ്കാംകുഴി സജുമൻസിലിൽ സജു ബിൻ സലിം എന്ന ഷംനാദ് ബിൻ സലിം (36) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്‌റ്റ്.
2017ൽ ആണ് കേസിനാസ്‌പദമായ പരാതി. രാജസ്ഥാനിൽ മെഡിക്കൽ പിജി സീറ്റ് വാഗ്‌ദാനം ചെയ്‌ത് ഡോക്ടറിൽനിന്ന് 70 ലക്ഷത്തോളം രൂപ വാങ്ങി. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് സമീപിച്ചപ്പോൾ കുറച്ചു പണം തിരികെ നൽകി കേരളത്തിൽ നിന്ന് മുങ്ങി. മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനാകാത്തതിനാൽ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് കേരളത്തിലെ പല ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയതായി മനസ്സിലായത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ് എന്ന് കണ്ടെത്തിയ ക്രൈം ബ്രാഞ്ച് അവിടെ ക്യാമ്പ് ചെയ്‌ത് അന്വേഷണത്തിലായിരുന്നു. ഡോക്ടർ എന്ന പേരിൽ ഭാര്യയ്‌ക്കൊപ്പം ഭാരതീയാർ സിറ്റിയിലായിരുന്നു ഇയാളുടെ താമസം.
ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐമാരായ സുഹൈൽ, ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. ഇയാൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമുണ്ടായെങ്കിലും അതു വിഫലമാക്കിയായിരുന്നു അറസ്‌റ്റ്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്‌പി ബിനുകുമാർ, എസ്‌ഐ അഷറഫ്, അരുൺഷാ, സിപിഒ അബ്ദുറഹ്‌മാൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments