തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ സൈനികരെ അപമാനിച്ച സപ്ലൈകോ ജീവനക്കാരനെ പ്രതിഷേധങ്ങൾക്കൊടുവിൽ സസ്‌പെൻഡ് ചെയ്തു. സപ്ലൈകോ തിരുവനന്തപുരം മേഖലാ കാര്യാലയത്തിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെതിരെയാണ് നടപടി. അന്വേഷണവിധേയമായാണ് നടപടി. സൈനികരെ നായ്‌ക്കളോട് ഉപമിച്ചായിരുന്നു സുജയ് കുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. സപ്ലൈകോ ജീവനക്കാരനായ ഇയാൾ വർക്ക് അറേഞ്ചിലൂടെയാണ് ജി ആർ അനിലിന്റെ ഓഫീസിൽ ഡ്രൈവറായത്.
സംഭവം വ്യാപകമായി പ്രചരിച്ചതോടെ സൈനികർ അടക്കമുള്ളവർ ശക്തമായ പ്രതിഷേധവും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ഇയാൾ ഫേസ്ബുക്കിലൂടെ മാപ്പ് അപേക്ഷിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാൾ സൈനികരെ അപമാനിച്ചത്. ഇന്നലെയാണ് സുജയ് കുമാറിനെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ ഉത്തരവ് ഇറക്കിയത്.
സുജയ് കുമാറിന്റെ നടപടി സപ്ലൈകോയുടെ സൽപ്പേരിന് കളങ്കം വരുത്തിയതായി സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. കെ.എൽ സി.പി 5381 നമ്പർ വാഹനവും, അനുബന്ധ രേഖകളും മേഖലാ കാര്യാലയത്തിൽ റ്റി6 വിഭാഗത്തിൽ ഏൽപ്പിക്കണമെന്നും സപ്ലൈകോയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം സസ്‌പെൻഷൻ കാലയളവിൽ സുജയ് കുമാറിന് ഉപജീവനബത്ത നൽകുമെന്നും ഉത്തരവിൽ പറയുന്നു.
Post Your Comments