Latest NewsInternational

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ പരിചരിക്കാന്‍ സൗന്ദര്യവും നല്ല ശരീരവടിവുമുള്ള യുവതികളെ വേണമെന്ന് പരസ്യം

ബെയ്ജിംഗ്: കൊവിഡ് വ്യാപനവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള ജനകീയ സമരങ്ങള്‍ക്കിടെ ചൈനീസ് സര്‍ക്കാരിന് കുരുക്കായി പുതിയ വിവാദം. ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ചൈന റെയില്‍വേയുടെ ഉപകമ്പനിയുടെ പരസ്യമാണ് വിവാദമായത്. ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുന്നതിന് മുഖസൗനന്ദര്യവും നല്ല ശരീരവടിവുള്ള സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു സര്‍ക്കാ‌ര്‍ പരസ്യം പുറത്തിറക്കിയത്.

തെക്കു കിഴക്കന്‍ ചൈനയിലെ ജിയാന്‍സി മേഖലയിലുള്ള റെയില്‍വേയുടെ ഉപകമ്പനിയായ നമ്പര്‍ 3 എന്‍ജിനീയറിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ പരസ്യം മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെയുമാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലടക്കം വന്‍വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് പരസ്യം പിന്‍വലിച്ചു. സ്ത്രീകളെ ലൈംഗികച്ചുവയോടെ പരാമര്‍ശിക്കുന്ന പരസ്യം അപമാനകരമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

ഖേദം പ്രകടിപ്പിച്ചുള്ള കമ്പനിയുടെ പ്രസ്താവനയും വിവാദമായത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. പരസ്യത്തില്‍ പറ‌ഞ്ഞ കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ളതായിരുന്നു പ്രസ്താവന. പരിശോധനകള്‍ക്ക് വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും  ചായയും മറ്റും എടുത്തുകൊടുക്കാന്‍ സ്ത്രീകള്‍ വേണമെന്ന പ്രത്യേക ആവശ്യങ്ങള്‍ ന്യായീകരിക്കുന്നതായിരുന്നു പ്രസ്താവന.

ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുക എന്നതടക്കം പ്രത്യേക ചുമതലകള്‍ വഹിക്കുന്ന ക്ലറിക്കല്‍ തസ്തികയിലേക്ക് സ്ത്രീകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നല്ല മുഖലാവണ്യവും നല്ല ശരീരവടിവുകളുമുള്ള സുന്ദരികളായ സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യവാചകം. ബിരുദവും മറ്റ് ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 4000 യുവാന്‍ (47000 രൂപ)ആണ് ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button