ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനല്‍, ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അർജന്റീനിയൻ നായകൻ ലയണല്‍ മെസി. ഇന്ന് നടന്ന ആദ്യ സെമിയില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് മെസിയുടെ പ്രഖ്യാപനം.
‘ഫൈനല്‍, ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമാക്കും. ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. വിജയത്തിനായി കഴിവിന്റെ പരമാവധി ശ്രമിക്കും. വ്യക്തിഗത നേട്ടങ്ങളല്ല, ടീമിന്റെ നേട്ടമാണ് പ്രധാനം’ മെസി മത്സരശേഷം പറഞ്ഞു.
സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിൽ കടന്നപ്പോൾ നായകൻ ലയണൽ മെസി റെക്കോര്‍ഡുകളുടെ തമ്പുരാനായി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അര്‍ജന്‍റീന ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളെന്ന ലോതര്‍ മത്തേയൂസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോർഡ് മെസി മറികടന്നു.
ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചെന്ന മെക്‌സിക്കൻ താരം റാഫേൽ മാര്‍ക്കേസ്വിന്‍റെ റെക്കോര്‍ഡും പഴങ്കഥയാക്കി. ലോകകപ്പിൽ അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായും ഇനി മെസി അറിയപ്പെടും. പതിനൊന്നാം ഗോളോടെ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി പിന്നിലാക്കിയത്.
ഖത്തര്‍ ലോകകപ്പിലെ ഗോളുകളുടെ എണ്ണം അഞ്ചാക്കിയതോടെ ഒരു ലോകകപ്പിൽ അഞ്ച് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി ഈ മുപ്പത്തിയഞ്ചുകാരൻ. ഇതിഹാസ താരം മറഡോണയുടെ 8 അസിസ്റ്റുകളെന്ന റെക്കോര്‍ഡിനും ഒപ്പമെത്തി മെസി. 1966ന് ശേഷം ഒരു ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി മെസിക്ക് സ്വന്തം.
കലാശക്കളിക്ക് ലുസൈലിൽ വീണ്ടുമിറങ്ങുമ്പോൾ ആ മോഹകപ്പിനൊപ്പം ഒരു പിടി റെക്കോര്‍ഡുകൾ കൂടി മെസിയെ കാത്തിരിപ്പുണ്ട്. ലോകകപ്പ് ആദ്യ സെമിയിൽ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായി അര്‍ജന്‍റീന ഫൈനലിലെത്തി. ജൂലിയന്‍ ആല്‍വാരസ്(39, 69) രണ്ടും മെസി (34) ഒരു ഗോള്‍ നേടി.
Post Your Comments