അജ്മീർ: തവാങ് ഏറ്റുമുട്ടലിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അജ്മീർ ദർഗയുടെ ആത്മീയ തലവൻ സൈനുൽ ആബേദിൻ അലി ഖാൻ. ബാലാക്കോട്ട് പോലെയൊരു പാഠം ചൈനയെ ഇന്ത്യ പഠിപ്പിക്കണമെന്ന് സൈനുൽ ആബേദിൻ പറഞ്ഞു. ഇത് പുതിയ ഇന്ത്യയാണെന്ന് ഓർമ്മിക്കണമെന്നും ചൈനയ്ക്ക് ഇത്തരം നീചമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നും ഖാൻ വ്യക്തമാക്കി.
‘എല്ലാ ദിവസവും ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു. ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടലുകൾ നടത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. നമ്മുടെ ധീരരായ സൈനികർ ചൈനയെ വിജയിക്കാൻ അനുവദിക്കാത്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ചൈനയുടെ ഈ ദൈനംദിന നീചമായ പ്രവൃത്തികൾക്ക് അറുതിവരുത്താൻ ബാലാക്കോട്ട് പോലെയുള്ള ഒരു പാഠം ഇന്ത്യ, ചൈനയെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്,’ ഖാൻ പ്രസ്താവനയിൽ പറഞ്ഞു.
‘അയൽ രാജ്യങ്ങളുമായുള്ള സമാധാനത്തിനും നല്ല ബന്ധത്തിനും ഇന്ത്യ എല്ലായ്പ്പോഴും ഊന്നൽ നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഒരു ബലഹീനതയായി കാണരുത്. ചൈനയല്ല ഏത് രാജ്യമായാലും, അതിർത്തികൾ സംരക്ഷിക്കാൻ ഇന്ത്യക്ക് ഏത് പരിധി വരെ പോകാനും കഴിയും. ഉദാഹരണത്തിന്, ബാലാക്കോട്ട്. ചൈനയ്ക്ക് നീചമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും, ഇത് പുതിയ ഇന്ത്യയാണെന്ന് ഓർമ്മിക്കണം,’ സൈനുൽ ആബേദിൻ അലി ഖാൻ വ്യക്തമാക്കി.
2019 ഫെബ്രുവരി 14ന് 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണത്തിന് മറുപടിയായാണ് ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയത്. ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകര വിക്ഷേപണ കേന്ദ്രങ്ങൾ തകർക്കുകയായിരുന്നു.
Post Your Comments