തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രം. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്ഇബിക്ക് നൽകിയ കോടികളുടെ സഹായ ധനം തിരിച്ചടക്കേണ്ടിവരുമെന്നാണ് ഊർജ മന്ത്രാലയം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോർട്ട് ഈ മാസം 15ന് സമർപ്പിക്കണമെന്നും ഊർജ മന്ത്രാലയം നിർദ്ദേശം നൽകി. വിതരണ നഷ്ടം കുറയ്ക്കാനും ആധുനികവത്കരണത്തിനും സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുമായി ഉദ്ദേശം 12,200 കോടിരൂപയുടെ കേന്ദ്രാനുമതിയാണ് കേരളത്തിനുള്ളത്. വിതരണ രംഗത്തെ നഷ്ടം നികത്താനായി മാത്രം 2235.78 കോടിയുടെ അനുമതിയുണ്ട്. വിതരണ ശൃംഖല പുനസംഘടനാ പദ്ധതി പ്രകാരം ഇതിൽ 60 ശതമാനം വരെ കേന്ദ്ര സഹായം ലഭിക്കും.
സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള പ്രവൃത്തികളുടെ ഒന്നാം ഘട്ടം ഈ മാസം അവസാനത്തോടുകൂടി പൂർത്തിയാക്കിയാൽ മാത്രമെ ഗ്രാൻഡിന്റെ ആദ്യ ഗഡു ലഭിക്കൂവെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. ഇല്ലെങ്കിൽ മുൻകൂർ ആയി ലഭിച്ച 67 കോടി രൂപ തിരിച്ച് നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, നിലവിലെ രീതിയിൽ സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിൽ എതിർപ്പ് ശക്തമാക്കി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments