പ്രവർത്തന രംഗത്ത് കൂടുതൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പുതിയ ട്രെയിനുകൾ ആരംഭിക്കാനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2023- 24 സാമ്പത്തിക വർഷത്തിലെ ബജറ്റ് വിഹിതം 30 ശതമാനം ഉയർത്തണമെന്ന് ധനമന്ത്രാലയത്തിനോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു. നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം, യാത്രക്കാരിൽ നിന്നുള്ള വരുമാനവും ചരക്ക് വരുമാനവും ഉയർന്നിട്ടുണ്ട്.
പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിനും, സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് റെയിൽവേ അധിക പണം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. 2022- 23 സാമ്പത്തിക വർഷത്തിൽ മൂലധന ചിലവുകൾക്കായി 1.37 ലക്ഷം കോടി രൂപയും റവന്യൂ ചിലവുകൾക്കായി 3,267 കോടി രൂപയുമാണ് റെയിൽവേയ്ക്ക് ലഭിച്ച മൊത്ത ബജറ്റ് പിന്തുണ. എന്നാൽ, 2022 ഒക്ടോബർ 31- ഓടെ ബജറ്റ് വിഹിതത്തിന്റെ ഏകദേശം 93 ശതമാനവും വിനിയോഗിച്ചതായി റെയിൽവേ അറിയിച്ചു.
Also Read: നാല് കിലോ കഞ്ചാവുമായി അസം സ്വദേശികള്‍ അറസ്റ്റിൽ
ഇത്തവണ മൂലധന ചിലവുകൾക്കായി ബജറ്റിൽ നിന്ന് 1.02 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. അതേസമയം, റവന്യൂ ചിലവുകൾ 25,399 കോടി കവിയുകയും ചെയ്തിട്ടുണ്ട്. മുൻ സാമ്പത്തിക വർഷത്തെ വിഹിതത്തെക്കാൾ 17 ശതമാനം കൂടുതലാണ് നടപ്പു സാമ്പത്തിക വർഷം അനുവദിച്ചിരിക്കുന്നത്.
Post Your Comments