തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ പ്രതികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കേസിൽ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നീ പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, സംഘം ചേർന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞു. രണ്ട് പ്രതികൾക്കും വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. 2018ൽ ആയുർവേദ ചികിത്സയ്‌ക്കായാണ് നാൽപ്പതുകാരിയായ ലാത്വിയൻ യുവതി തിരുവനന്തപുരത്ത് എത്തിയത്.
സഹോദരിക്കൊപ്പമെത്തിയ യുവതിയെ 2018 മാർച്ച് 14 മുതൽ കാണാതായതിനെ തുടർന്ന് അന്വേഷിക്കവെ ഇവർ കോവളം ഭാഗത്ത് എത്തിയതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കോവളത്തും പരിസര പ്രദേശത്തും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ നാട്ടുകാരായ യുവാക്കളാണ് ഏപ്രിൽ 20ന് വാഴമുട്ടം ചേന്തിലക്കരിയിലെ കണ്ടൽക്കാട്ടിനിടയിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ഇവരെ കണ്ടെത്തിയത്.
യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ കോവളത്തെ ഒരു കണ്ടൽകാട്ടിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.2019 ഡിസംബർ 30ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. നാലര വർഷം മുമ്പ് നടന്ന സംഭവത്തിൽ 18 സാഹചര്യത്തെളിവുകളുടെയും 30 സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ് വരുന്നത്
Post Your Comments