തിരുവനന്തപുരം: നിയമസഭയില്‍ ആകെ ചിരി പടര്‍ത്തി സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മധുര പ്രതികാരം. മുന്‍ സ്പീക്കറും മന്ത്രിയുമായ എം ബി രാജേഷിനെ അദ്ദേഹത്തിന്റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മ്മപ്പെടുത്തിയതാണ് സഭാംഗങ്ങളില്‍ ചിരിപടര്‍ത്താന്‍ കാരണം. മുമ്പ് ഷംസീറിന്റെ പ്രസംഗം നീളുമ്പോള്‍ സ്പീക്കറായിരുന്ന എം ബി രാജേഷ് കര്‍ക്കശ നിലപാട് എടുത്തിരുന്നു. ഇപ്പോഴിതാ തനിക്കൊരു അവസരം കിട്ടിയപ്പോള്‍ ഇതിന് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് ഷംസീര്‍. രാജേഷ് സംസാരിക്കുന്നതിനിടെ സമയമായി എന്ന് ഷംസീര്‍ പറഞ്ഞു. ‘സാധാരണ ഒരു ടൈമുണ്ട്, അതാണ്’ എന്നും ഷംസീര്‍ പറഞ്ഞു. ഇത് കേട്ടയുടനെ മന്ത്രി പി രാജീവ് ഉള്‍പ്പെടെ സഭയിലുണ്ടായിരുന്ന മുഴുവന്‍ പേരും ചിരിക്കാന്‍ തുടങ്ങി.
അതേസമയം, അനധികൃത നിയമനം സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് മന്ത്രി എം ബി രാജേഷ് സഭയില്‍ പറഞ്ഞു. പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് പി സി വിഷ്ണുനാഥ് എംഎല്‍എ നോട്ടീസ് നല്‍കിയതിന് പിന്നാലെ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളുണ്ടായെന്നും ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇതുസംബന്ധിച്ച് മേയര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, അനധികൃതമായ നിയമനങ്ങളുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യു ഡി എഫിനേക്കാള്‍ 18,000 കൂടുതലാണിത്. മാനദണ്ഡങ്ങളനുസരിച്ചാണ് താത്ക്കാലിക നിയമനങ്ങള്‍ നടക്കുന്നത്, അതില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്ന് മന്ത്രി വ്യക്തമാക്കി. യു ഡി എഫ് ഭരണകാലത്ത് എം എല്‍ എമാരയച്ച കത്തും എം ബി രാജേഷ് സഭയില്‍ വായിച്ചു. അച്ഛന്‍ മകള്‍ക്കയച്ച കത്തുകളേക്കാള്‍ വലിയ പുസ്തകത്തിനുള്ള കത്തുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments