തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഇഎസ്‌ഐ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗ യൂണിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇ.എസ്.ഐ ആശുപത്രികളില്‍ കൂടുതല്‍ സ്ഥിര നിയമനങ്ങള്‍ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങളുടെ കാര്യത്തില്‍ ഇ.എസ്.ഐ ആശുപത്രികള്‍ നേരിട്ടിരുന്ന വലിയ പരിമിതി ആയിരുന്നു ഐ.സി.യുകളുടെ അഭാവം. ഇതിന് പരിഹാരമായാണ് പേരൂര്‍ക്കട, ആലപ്പുഴ വടവാതൂര്‍, എറണാകുളം, ഒളരിക്കര, ഫറോക്ക് എന്നിവിടങ്ങളിലെ ഇ.എസ്.ഐ ആശുപത്രികളില്‍ ലെവല്‍ വണ്‍ ഐ.സി.യു സജ്ജമാക്കിയത്.
സംസ്ഥാനത്ത് ഇ.എസ്.ഐ പദ്ധതിയിലുള്‍പ്പെട്ട ഒന്‍പത് ആശുപത്രികളുടെയും 145 ഡിസ്പെന്‍സറികളുടെയും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പോസ്റ്റ് ഓപ്പറേറ്റീവ് തീവ്രപരിചരണ വിഭാഗങ്ങള്‍ ആറ് ആശുപത്രികളില്‍ സ്ഥാപിച്ചത്.
ഇതോടെ ഇ.എസ്.ഐ പരിധിയില്‍ പെട്ട തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗുണമേന്‍മയുള്ള ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ സാധിക്കും.
Post Your Comments