തിരുവനന്തപുരം: പങ്കാളിയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൂവാർ മണ്ണാൻവിളാകം മാഹീൻമൻസിലിൽ മാഹീൻകണ്ണിന്റെ(43) ഭാര്യ റുക്കിയ(38)യേയും അറസ്റ്റ് ചെയ്തു. ഇവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാഹീനെതിരേ കൊലപാതകവും റുക്കിയക്കെതിരേ കൊലപാതകപ്രേരണ അടക്കമുള്ള വകുപ്പുകളുമാണ് ചേർത്തിട്ടുള്ളത്. ഇവരെ അടുത്ത ദിവസം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. മാഹീൻകണ്ണും ദിവ്യയും തമ്മിൽ തർക്കമുണ്ടായ ബാലരാമപുരം, കൊലപാതകം നടന്ന ആളില്ലാതുറ എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോകും. ഭാര്യയും മക്കളുമുള്ള മാഹിന്‍കണ്ണ് ഇക്കാര്യം മറച്ചുവച്ച്, ദിവ്യയെ പ്രണയം നടിച്ച് വശീകരിക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയുമായിരുന്നു.
ഓട്ടോയില്‍ മീന്‍ കച്ചവടക്കാരനായെത്തിയപ്പോഴാണ് മാഹിന്‍കണ്ണിനെ ദിവ്യ പരിചയപ്പെടുന്നത്. വീട്ടുകാര്‍ ബന്ധം എതിര്‍ത്തെങ്കിലും ദിവ്യ കാമുകനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് ദിവ്യയുടെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഗള്‍ഫിലേക്ക് മുങ്ങി. ഈ സമയമാണ് ദിവ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് നാട്ടിലെത്തിയ പ്രതി ദിവ്യയ്ക്കൊപ്പം താമസം തുടങ്ങി. ഇതിനിടയിലാണ് മാഹിന്‍ കണ്ണിന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് ദിവ്യയ്ക്ക് മനസിലായത്.
ഒരു ദിവസം മാഹിന്‍ ബാത്ത് റൂമിലായിരുന്നപ്പോള്‍ ഇയാളുടെ ഫോണിലേക്ക് ആദ്യ ഭാര്യ റുക്കിയയുടെ ഫോണ്‍ വരികയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. എന്നിട്ടും ഇയാളെ പിരിയാന്‍ കൂട്ടാക്കാതിരുന്ന ദിവ്യ തന്നെ രണ്ടാം ഭാര്യയാക്കി കൂടെ താമസിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. എന്നാല്‍ റുക്കിയയും കുടുംബവും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ സമ്മര്‍ദ്ദത്തിലായ മാഹിന്‍കണ്ണ് ദിവ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊലപാതക പദ്ധതി ആസൂത്രണം ചെയ്ത ഇയാള്‍ 2011 ആഗസ്റ്റ് 11ന് ഇരുവരെയും കൂട്ടി ബൈക്കില്‍ പൂവാറിനപ്പുറം തമിഴ്നാട് അതിര്‍ത്തിയിലുള്ള കടപ്പുറത്തെത്തുകയും അവിടെ വിജനമായ സ്ഥലത്തുവച്ച് ദിവ്യയെയും കുഞ്ഞിനെയും കടലിലേക്ക് തള്ളി വീഴ്ത്തുകയുമായിരുന്നു. തിരയില്‍പ്പെട്ട് ഇരുവരും മുങ്ങിത്താഴ്ന്നെന്ന് ഉറപ്പാക്കിയശേഷം അവിടെ നിന്ന് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ദിവ്യയുടെ മൃതദേഹം 2011 ആഗസ്റ്റ് 19നും ഗൗരിയുടേത് ജീര്‍ണിച്ച നിലയില്‍ ആഗസ്റ്റ് 24നും തമിഴ്നാട് തീരത്ത് അടിയുകയും അജ്ഞാത മൃതദേഹങ്ങളെന്ന നിലയില്‍ ഡി.എന്‍.എ സാമ്പിളുകളും ഫോട്ടോയും ശേഖരിച്ചശേഷം തമിഴ്നാട് പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ മറവുചെയ്യുകയുമായിരുന്നു.
അതേസമയം, ഏതുവിധേനയും ദിവ്യയേയും കുഞ്ഞിനേയും ഒഴിവാക്കണമെന്ന് വാശിപിടിച്ചത് മാഹീൻകണ്ണിന്റെ ഭാര്യ റുക്കിയയാണ്. കൊലപ്പെടുത്തിയിട്ടായാലും ഇവരെ ഒഴിവാക്കിയശേഷം തന്റെയൊപ്പം ജീവിച്ചാൽ മതിയെന്ന് റുക്കിയ പറഞ്ഞു. ഇതാണ് പ്രേരണയായതെന്നാണ് മാഹീന്റെ മൊഴി.
Post Your Comments