Article

എയ്ഡ്‌സ്, വേണ്ടത് അവബോധവും ജാഗ്രതയും

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമാണ് (World AIDS Day). എയ്ഡ്‌സിനെപ്പറ്റി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തുന്നത്. എച്ച്‌ഐവി കേവലം ആരോഗ്യപ്രശ്‌നം മാത്രമല്ല, അതുമൂലം അനാഥരാകുന്ന കുട്ടികള്‍, വര്‍ധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു വികസന പ്രശ്‌നമാണെന്നു നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ എച്ച്‌ഐവിയുടെ നിര്‍മാര്‍ജനം സാധ്യമാവുകയുള്ളൂ.

എച്ച്‌ഐവിയെ (HIV) പറ്റിയുള്ള അജ്ഞത, രോഗബാധിതരോടുള്ള വിവേചനവും സാമൂഹിക നിന്ദയും അവഗണനയും, എച്ച്‌ഐവി പരിശോധനയെപ്പറ്റിയുള്ള അറിവില്ലായ്മ, എനിക്ക് എച്ച്‌ഐവി പിടിപെടാന്‍ സാധ്യതയില്ല എന്ന തെറ്റിദ്ധാരണ തുടങ്ങിയവ എച്ച്‌ഐവി പരിശോധനയെ സാരമായി ബാധിക്കുന്നു.

നമ്മുടെ സംസ്ഥാനത്ത് പലരും എച്ച്‌ഐവി അണുബാധ പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയി വളരെ നാളുകള്‍ക്കുശേഷം ഗുരുതര രോഗങ്ങള്‍ ബാധിച്ച് പരിശോധനയ്ക്കു വിധേയരാകുമ്പോഴാണ് എച്ച്‌ഐവി ബാധിതരാണെന്ന് തിരിച്ചറിയുന്നത്. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും.

എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യമുണ്ട്.

ഇവിടെ പരിശോധിക്കപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. പരിശോധനയ്ക്ക് അരമണിക്കൂര്‍ മാത്രമേ വേണ്ടിവരികയുള്ളൂ. അന്നുതന്നെ ഫലം ലഭിക്കുകയും ചെയ്യും. വളരെ രഹസ്യമായും സൗജന്യമായും എച്ച്‌ഐവി പരിശോധിക്കാമെന്നിരിക്കെ ഭയചകിതരാകാതെ സ്വന്തം ആരോഗ്യം ഉറപ്പാക്കുന്നതിന് ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. അഥവാ എച്ച്‌ഐവി പോസിറ്റീവായാലും ഫലപ്രദമായ ചികിത്സ സൗജന്യമായി എആര്‍ടി (ഉഷസ്സ്) കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

അമ്മ എച്ച്‌ഐവി ബാധിതയാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് എച്ച്‌ഐവി പിടിപെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ലഭ്യമാണ്. അതിനാല്‍ എല്ലാ ഗര്‍ഭിണികളും എത്രയും നേരത്തെ, കഴിയുമെങ്കില്‍ ആദ്യ ആശുപത്രി സന്ദര്‍ശനത്തില്‍ത്തന്നെ എച്ച്‌ഐവി പരിശോധന നടത്തേണ്ടതാണ്.

പരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍ ആരൊക്കെ?

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍.

എച്ച്‌ഐവി അണുബാധിതരുടെ ലൈംഗിക പങ്കാളികള്‍.

ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവര്‍.

ലൈംഗിക രോഗമുള്ളവര്‍.
ക്ഷയരോഗ ബാധിതര്‍.

ലഹരിമരുന്ന് കുത്തിവച്ച് ഉപയോഗിക്കുന്നവര്‍.

എല്ലാ ഗര്‍ഭിണികളും

എച്ച്‌ഐവി പോസിറ്റിവായ സ്ത്രീകള്‍ക്കു ജനിച്ച കുഞ്ഞുങ്ങള്‍.

ലൈംഗികാതിക്രമങ്ങള്‍ നേരിട്ട വ്യക്തികള്‍

ഹെപ്പറ്റൈറ്റിസ് ബി/ ഹെപ്പറ്റൈറ്റിസ് സി ബാധിതര്‍

സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍.

പച്ച കുത്തിയിട്ടുള്ളവര്‍.

എച്ച്‌ഐവി അണുബാധിതരില്‍ ശരാശരി 7 വര്‍ഷത്തോളം യാതൊരു ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ആയതിനാല്‍ മേല്‍ സൂചിപ്പിച്ച ഏതെങ്കിലും സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരും നിര്‍ബന്ധമായും എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാകണം.

പുതിയ എച്ച്‌ഐവി അണുബാധ 2025 ഓടുകൂടി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. 2017 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പാസ്സാക്കിയ എച്ച്‌ഐവി / എയ്ഡ്‌സ് ആക്ട് ഈ മേഖലയിലെ നാഴികക്കല്ലാണ്. എച്ച്‌ഐവി നിയന്ത്രണം ത്വരിതപ്പെടുത്തുന്നതിനും എച്ച്‌ഐവി ബാധിതരുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ഈ നിയമം ഊന്നല്‍ നല്‍കുന്നു. അണുബാധിതരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക, വിവേചനം ഇല്ലാതാക്കുക തുടങ്ങിയവ ഈ നിയമം ഉറപ്പുവരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button