ദോഹ: ഖത്തര്‍ ലോകകപ്പിൽ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീൽ ആറ് പോയിന്റായി ജി ഗ്രൂപ്പിൽ ഒന്നാമതാണ്. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തും തുടരുന്നു.
ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍, സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു. ആദ്യ പകുതിയിൽ അവസരങ്ങൾ ലഭിച്ചിട്ടും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ ബ്രസീലിന് കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 53-ാം മിനിറ്റില്‍ അവര്‍ക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയന്‍ ബോക്‌സിലേക്ക്.
ഫാബിയന്‍ റീഡര്‍ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ബൗണ്ടില്‍ ഗോള്‍ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഗോള്‍ ശ്രമം പുറത്തേക്ക്. 64-ാം മിനിറ്റില്‍ സ്വിസ് വലയില്‍ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോള്‍ വിനിഷ്യസിന്റെ കാലുകളിൽ.
Read Also:- പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസ് പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ ആഘോഷവും തുടങ്ങി. എന്നാല്‍, വാറില്‍ വിനിഷ്യസ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റില്‍ കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. കാസമിറോയുടെ തകർപ്പൻ ഷോട്ട് സ്വിസ് ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.
Post Your Comments