KeralaLatest NewsNews

വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണം: സിപിഎം

തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവതരവും, അപലപനീയവുമാണെന്ന് സിപിഎം വ്യക്തമാക്കി. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണ്. പൊലീസ് സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

Read Also: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യിൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം : ശരീരം തെ​രു​വു​നാ​യ്ക്ക​ൾ കടിച്ചു കീറിയ നിലയിൽ

കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുകയാണ്. കൂടംകുളം പദ്ധതി, നാഷണൽ ഹൈവേയുടെ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവയിലെല്ലാം ഇത്തരം എതിർപ്പുകൾ ഉയർന്നുവരികയും, ശക്തമായ നടപടികളിലൂടെ അത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റേയും, വിശിഷ്യാ തിരുവനന്തപുരത്തിന്റേയും വികസനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുക എന്നത്. ഇതിന്റെ തുടർച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് പാർട്ടി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളി മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നുവന്ന ആശങ്കകളെല്ലാം ചർച്ചകളിലൂടെ പരിഹരിക്കുകയും, സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളതുമാണ്. ഇപ്പോൾ സമരരംഗത്തുള്ള ചെറുവിഭാഗവുമായും ചർച്ച നടത്താനും, പ്രശ്നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സർക്കാർ സ്വീകരിച്ചിട്ടുള്ളതുമാണ്. ചില സ്ഥാപിത താൽപര്യങ്ങളാണ് ഇതിന് തടസ്സമായി നിന്നത്. വിഴിഞ്ഞം പദ്ധതിയെ നാടിന്റെ വികസനത്തിന് പ്രധാനമാണെന്ന് കണ്ടറിഞ്ഞ് എക്കാലവും പാർടി പിന്തുണച്ചിട്ടുള്ളതാണ്. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോൾ അതിനെതിരെ നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. കരാറുകൾ യാഥാർത്ഥ്യമായ സാഹചര്യത്തിൽ പദ്ധതി പ്രായോഗികമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം അറിയിച്ചു.

കേരളത്തിന്റെ വികസനത്തിൽ കേരളത്തിലെ മുഴുവൻ ജനതയും യോജിച്ച് നിൽക്കുകയെന്നത് പ്രധാനമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ യോജിപ്പിച്ച് നിർത്തുകയെന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മത്സ്യമേഖലയിൽ അവയെ സംരക്ഷിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള പിന്തുണ ആ മേഖലയിൽ ആർജ്ജിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കടലോര മേഖലയിലെ വികസന പ്രവർത്തനത്തിന്റെ ഫലമായി സർക്കാർ നേടിയ അംഗീകാരം തകർക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ യാഥാർത്ഥ്യം ജനങ്ങളിൽ എത്തിക്കുന്നതിനും, വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ ക്യാമ്പയിൻ ഉയർന്നുവരേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുന്നു: ആരോപണവുമായി എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button