തിരുവനന്തപുരം: സംരംഭക വർഷം പദ്ധതി നിക്ഷേപത്തിലും തൊഴിലവസരത്തിലും കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. പദ്ധതി ആരംഭിച്ച് 235 ദിവസമാകുമ്പോൾ 2 ലക്ഷത്തിലധികമാളുകൾക്ക് തൊഴിൽ നൽകാൻ സാധിച്ചത് ഉജ്വലമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Also: തകർത്തടിച്ച് ലാഥമും വില്യംസണും: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം
ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ നമുക്ക് സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപ സൗഹൃദമായ കേരളം പുതുചരിത്രം രചിക്കുകയാണ് സംരംഭക വർഷം പദ്ധതിയിലൂടെ. ഈ കാലയളവിനുള്ളിൽ മലപ്പുറം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒൻപതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മൂന്ന് ജില്ലകളിലും ഇരുപതിനായിരം വീതം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തംമാക്കി.
മറ്റ് ജില്ലകളിലും മികച്ച മുന്നേറ്റമാണ് പദ്ധതിയിലൂടെ ഉണ്ടായിട്ടുള്ളത്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ട്. കേവലം 235 ദിവസം കൊണ്ട് 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിൽ അവശേഷിക്കുന്ന 130 ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം സംരംഭക വർഷം കൈവരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments