തൃശ്ശൂർ: കാമുകന്റെ കടം തീർക്കാൻ അമ്മൂമ്മയുടെ സ്വർണം മറിച്ചുവിറ്റ കൊച്ചുമകളും ആൺ സുഹൃത്തും അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പിലാണ് സംഭവം. പള്ളിപ്പുറം പുളിപ്പറമ്പിൽ പരേതനായ ഭാസ്‌കരന്റെയും ഭാര്യ ലീലയുടെയും കൊച്ചുമകൾ സൗപർണിക (21)യും കാമുകൻ വെങ്ങിണിശേരി തലോണ്ട അഭിജിത്തും (21) ആണ് പിടിയിലായത്. 17.5 പവൻ സ്വർണവും 8 ലക്ഷം രൂപയുമാണ് സൗപർണിക വീട്ടിൽ നിന്ന് കവർന്നത്.
2021 മുതൽ നാല് തവണയായി ആണ് പെൺകുട്ടി സ്വർണം കവർന്നത്. രണ്ട് തവണയായി എസ്.ബി.ഐ കൂർക്കഞ്ചേരി ശാഖയിൽ നിന്നു 8 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും മുത്തശ്ശി അറിയാതെ ചെറുമകൾ കവര്‍ന്നു. 14 വർഷം മുൻപ് സൗപർണികയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. എട്ട് വർഷം മുൻപ് അച്ഛനും മരിച്ചു. തുടർന്ന് പെൺകുട്ടി മുത്തശ്ശിയുടെ ഒപ്പം നിന്നാണ് പഠിച്ചത്.
ബി.ബി.എ ബിരുദധാരിയാണ് സൗപർണിക. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ സൗപർണികയും അഭിജിത്തും ഒരുമിച്ചാണ് പഠിച്ചത്. അഭിജിത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും വീട് പണിയാനും വേണ്ടിയാണ് സൗപർണിക സ്വർണം പണയം വെച്ച് പണം നൽകിയത്.
സ്വർണം എടുത്ത വിവരം ആരും അറിയാതിരിക്കാൻ മുക്കുപണ്ടം വാങ്ങി വെച്ചിരുന്നു. മുക്കുപണ്ടം കൊണ്ടുള്ള കമ്മൽ ധരിച്ച ലീലയുടെ ചെവിയിൽ പഴുപ്പ് വന്നു. ഇതോടെ കമ്മൽ ഊരിവെച്ചു.
പിന്നാലെ ഇവരുടെ കാത് അടഞ്ഞതോടെ വീണ്ടും കാത് കുത്താൻ വേണ്ടി തട്ടാനെ സമീപിച്ചപ്പോഴാണ് ഇത് സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞത്. മറ്റ് ആഭരണങ്ങൾ പരിശോധിച്ചപ്പോൾ അതും സ്വർണമല്ലെന്ന് കണ്ടെത്തി. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments