ലണ്ടൻ: ‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ… ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം’… പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. മെസ്സിയെ പുകഴ്ത്താത്ത കായിക താരങ്ങളുണ്ടാകില്ല. എന്നാൽ, അക്കൂട്ടത്തിൽ അധികം പെടാത്ത ആളാണ് റൊണാൾഡോ. അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ പറയുന്ന ഓരോ വാക്കും, മെസിയുടെയും അർജന്റീനയുടെയും ആരാധകർക്ക് പ്രചോദനമാണ്. പ്രത്യേകിച്ചും ഈ ലോകകപ്പ് സമയത്ത്.
എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. തന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ വികസനമില്ലായ്മയെ ആക്ഷേപിക്കുന്നത് മുതൽ തന്റെ ബദ്ധവൈരിയായ ലയണൽ മെസ്സിയെ വാഴ്ത്തുന്നത് വരെയുള്ള താരത്തിന്റെ അഭിമുഖത്തിന് കാഴ്ചക്കാർ ഏറെയാണ്.
ഫുട്ബോളിനായി മഹത്തായ കാര്യങ്ങൾ ചെയ്യുന്ന മെസ്സിയുമായി കളിക്കളത്തിൽ പോരാടാറുണ്ടെന്ന് താരം വ്യക്തമാക്കി. കഴിഞ്ഞ 16 വർഷമായി രാജ്യാന്തര ഫുട്ബോളിന്റെയും യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെയും വേദികളിൽ നിറഞ്ഞുനിൽക്കുന്ന തങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ‘മെസ്സി എന്നെക്കുറിച്ച് സംസാരിക്കുന്ന രീതിയെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും എന്റെ പങ്കാളിയും പരസ്പരം ബഹുമാനിക്കുന്നവരാണ്. അവർ ഇരുവരും അർജന്റീനക്കാരുമാണ്’– ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
Post Your Comments