KeralaLatest NewsIndia

കെ ടി യു വിസി നിയമനം: സുപ്രീം കോടതി വിധിക്കെതിരെ നിയമോപദേശത്തിന് സർക്കാർ ചെലവിടുന്നത് പൊതു ഖജനാവിലെ 15 ലക്ഷം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നിയമോപദേശത്തിനായി മാത്രം സർക്കാർ പൊതുഖജനാവിൽ നിന്ന് ചെലവിടുന്നത് 15 ലക്ഷം രൂപ. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശത്തിന് 15 ലക്ഷം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിഎന്നാണ് പുറത്ത് വന്നിട്ടുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിൽ അടക്കം യുജിസി ചട്ടങ്ങൾ പാലിച്ചെ മതിയാകൂ എന്നാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി ഉണ്ടായിരുന്നത്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാനാണ് പിണറായി സർക്കാരിന്റെ തീരുമാനം. മുൻ വിസി ഡോ രാജശ്രീ എം എസും പുനഃപരിശോധന ഹർജി നല്‍കിയിട്ടുണ്ട്.

സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. അതേസമയം, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വി സി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജിക്കെതിരെ ഡോ. സിസ തോമസ് രംഗത്തെത്തിയിരുന്നു. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. സർക്കാരിന്‍റെ ഹർജി നിലനിൽക്കില്ലെന്നും സിസ തോമസിന്‍റെ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button