കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ മാപ്പ് ചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. മന്ത്രിയുടെ പരാമർശത്തിൽ മമത അപലപിച്ചു. ഭാവിയിൽ ഇത്തരത്തിൽ അപകീർത്തിപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മന്ത്രിക്ക് അന്ത്യശാസനം നൽകിയതായും മമത അറിയിച്ചു. മന്ത്രിയായ അഖിൽ ഗിരിയാണ് രാഷ്ട്രപതിക്കെതിരെ വിവാദ പരാമർശം നടത്തിയത്.
’രാഷ്ട്രപതിയെ താൻ ഏറെ ബഹുമാനിക്കുന്നുണ്ട്. അത്തരം പരാമർശങ്ങളെ പാർട്ടി ഒരിക്കലും പിന്തുണക്കില്ല. അവർ നല്ല സ്ത്രീയാണ്. ഇക്കാര്യത്തിൽ പാർട്ടിക്കുവേണ്ടി താൻ മാപ്പുചോദിക്കുകയാണ്. സൗന്ദര്യം എന്നതു നിങ്ങൾ പുറമേ കാണുന്നതല്ല, അതു നിങ്ങളുടെ ഉള്ളിൽ നിങ്ങൾ എങ്ങനെയാണ് എന്നത് ആശ്രയിച്ചാണ്,’ എന്ന് മമത ബാനർജി പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് മമത മാപ്പ് പറഞ്ഞത്.
അഖിൽ ഗിരിയുടെ വിവാദ പരാമർശം സമൂഹമാധ്യമങ്ങളിലടക്കം വൻതോതിൽ പ്രചരിക്കുകയും വ്യാപക ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബിജെപി രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. 72 മണിക്കൂർ കഴിഞ്ഞിട്ടും ഗിരിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് പ്രതിഷേധാർഹമാണെന്ന് മാർച്ചിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു.
സംഭവത്തിൽ മന്ത്രി അഖിൽ ഗിരി ഖേദം പ്രകടിപ്പിച്ചിരുന്നു. ‘ഞങ്ങൾ ആരെയും അവരുടെ രൂപം നോക്കി വിലയിരുത്തില്ല. രാഷ്ട്രപതിയുടെ ഓഫിസ് ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ നമ്മുടെ രാഷ്ട്രപതിയെ കാണാൻ എങ്ങനെയാണ്?,’ എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
Post Your Comments