ബാലരാമപുരം∙ കരമന–കളിയിക്കാവിള ദേശീയപാതയിൽ കുട്ടികൾ ഉള്‍പ്പെടെ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ നടുറോഡിൽ അടിച്ചു തകർത്ത സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. ശ്രീകാര്യം പൗഡിക്കോണം പാണവിള വലപ്പരിക്കോണം നക്ഷത്രയിൽ അജിത് കുമാർ(43), ഇദ്ദേഹത്തിന്റെ അമ്മാവൻ കല്ലിയൂർ പാപ്പനത്തേരി ഗൗരീരത്തിൽ ജയപ്രകാശ് ഗൗതമൻ(75) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ബാലരാമപുരം കൊടിനടയ്ക്ക് സമീപം ആണ് സംഭവം.
കോട്ടയം അയർകുന്നം തോപ്പിൽ ഹൗസിൽ ജോർജ് ജോസും ഭാര്യയും 8 വയസിന് താഴെ പ്രായമുള്ള 3 മക്കളും സഞ്ചരിച്ച കാർ അജിത് കുമാറിന്റെ കാറിൽ ഉരസിയെന്നാരോപിച്ച് കാറിന്റെ മുൻവശത്തെ ഗ്ലാസും ഡോർ ലോക്കും അജിത് കുമാർ കൈകൊണ്ട് അടിച്ചു പൊട്ടിക്കുകയായിരുന്നു. ഉരസിയ കാർ നിർത്താതെ പോയതാണ് പ്രകോപനമായത്. ഇതിൽ ഇയാളുടെ കൈയ്ക്ക് മുറിവുണ്ട്. ഇതുകണ്ട നാട്ടുകാർ ഓടിക്കൂടിയതോടെയാണ് രംഗം ശാന്തമായത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബാലരാമപുരം പോലീസ് അജിത് കുമാറിനെയും കാറിൽ കൂടെയുണ്ടായിരുന്ന ജയപ്രകാശിനെയും അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ബാലരാമപുരം പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ബാലരാമപുരത്ത് കൈത്തറി വസ്ത്രം വാങ്ങാനെത്തിയ കുടുംബമാണ് അക്രമത്തിന് ഇരയായത്.
Post Your Comments