ബെംഗളൂരു: ഓട്ടിസം ബാധിതയായ മകളെ പാര്‍പ്പിട സമുച്ചയത്തിന്റെ നാലാം നിലയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ ദന്ത ഡോക്ടര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംപംഗി രാമനഗറിലെ താമസക്കാരി ഡോ. സുഷമ ഭരദ്വാജി (27) നെതിരെയാണ് ബെംഗളൂരൂവിലെ ഒമ്പതാംനമ്പര്‍ എ.സി.എം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. നാല് വയസ്സുള്ള മകളെയാണ് സുഷമ കൊലപ്പെടുത്തിയത്.
തന്റെ ഭാവിക്ക് കുട്ടി ഭാരമാകുമെന്ന് ഇവര്‍ കരുതിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് നാലിനാണ് സംപംഗി രാമനഗറിലെ പാര്‍പ്പിട സമുച്ചയത്തില്‍ വെച്ച് മകൾ ധൃതിയെ കെട്ടിടത്തിൽ നിന്നും എറിഞ്ഞു കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നെന്നും കൃത്യം ചെയ്യുമ്പോള്‍ യുവതിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
ബ്രിട്ടനിലായിരുന്നു ഇവർ താമസം. കുട്ടിയുടെ ചികിത്സ ചിലവ് കൂടിയതോടെയാണ് ബാംഗ്ലൂരിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെ വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തടസ്സമായി. ഇതോടെയാണ് മകളെ കൊന്ന് കളഞ്ഞ ശേഷം തിരികെ ബ്രിട്ടനിലേക്ക് പോകാൻ ഇവർ തീരുമാനിച്ചത്. നേരത്തേ സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനെ തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു.
Post Your Comments