തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്ത് പുറത്ത് വന്നതോടെ സംഭവത്തിൽ വിവാദം പുകയുന്നു. സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. കേവലം ട്രോൾ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല ഇതെന്നും, നടന്നത് ഗുരുതരമായ അഴിമതിയാണെന്നും ബൽറാം പറയുന്നു.
സിപിഎമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ട വിഷയമല്ല ഇതെന്ന് വ്യക്തമാക്കിയ ബൽറാം, ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ജനങ്ങളോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവർക്കെതിരെ ലോകായുക്ത കേസെടുക്കണമെന്നും, ആര്യ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ബൽറാം ചൂണ്ടിക്കാട്ടി.
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നിരുന്നു. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
അതേസമയം, കത്ത് അയച്ചിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്. ഇതാണ് മേയർ നിഷേധിച്ചത്.
Post Your Comments