ന്യൂഡല്‍ഹി: രണ്ടു കരസേനാ ജവാന്മാരുള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതി ലഷ്‌കറെ ത്വയ്ബ ഭീകരനും പാക് പൗരനുമായ മുഹമ്മദ് ആരിഫ് എന്ന അഷ്ഫഖ് അഹമ്മദിന്റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. ആരിഫിന്റെ കുറ്റം സംശയാതീതമായി തെളിഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ബേല എം. ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ച് മുഹമ്മദ് ആരിഫിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളുകയായിരുന്നു.
അഷ്ഫഖും അഞ്ചു ഭീകരരും 2000 ഡിസംബര്‍ 22നു രാത്രി ഒന്‍പതോടെ യന്ത്രത്തോക്കുകളുമായി ചുവപ്പുകോട്ടയില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ രജപുട്ടാണ റൈഫിള്‍സിലെ രണ്ടു ജവാന്‍മാരും മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു. നാലുദിവസത്തിനുശേഷം ദക്ഷിണ ഡല്‍ഹിയിലെ ജാമിയ നഗറില്‍ അഷ്ഫഖും അഷ്ഫഖിന്റെ ഇന്ത്യക്കാരിയായ ഭാര്യ റഹ്മാനയും പൊലീസിന്റെ പിടിയിലായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗൂഢാലോചനയുടെ ചുരുളഴിയുകയും മറ്റു പ്രതികളും അറസ്റ്റിലാകുകയും ചെയ്തു.</p>
മൂന്നു ലഷ്‌കര്‍ ഭീകരരുമൊത്ത് 1999ല്‍ കശ്മീരിലെത്തിയ അഷ്ഫഖ്, ശ്രീനഗര്‍ സ്വദേശികളായ നസീര്‍ അഹമ്മദ് ഖാസിദ്, മകന്‍ ഫാറൂഖ് ഖാസിദ് എന്നിവരുടെ വീട്ടില്‍ താവളമടിച്ചാണു ചുവപ്പുകോട്ട ആക്രമണത്തിനു പദ്ധതിയിട്ടതെന്നു തെളിഞ്ഞിരുന്നു. തുടര്‍ന്നു ദക്ഷിണ ഡല്‍ഹി ഓഖ്ല മേഖലയിലെ ഗഫൂര്‍ നഗറിലെത്തിയ അഷ്ഫഖിനു സദാക്കത്ത് അലി അവിടെ താവളമൊരുക്കി. ആക്രമണത്തിനു മുന്‍പ് ഒരുമാസം ഇരുവരും ചേര്‍ന്ന് അവിടെ ഒരു കംപ്യൂട്ടര്‍ കേന്ദ്രം നടത്തുകയും ചെയ്തു. ശ്രീനഗര്‍ സ്വദേശിയും ഡല്‍ഹിയില്‍ താമസക്കാരനുമായ ബഗ്വാലയാണ് അഷ്ഫഖിനെ നഗരത്തില്‍ വാഹനത്തില്‍ കൊണ്ടുപോയി ആക്രമിക്കാവുന്ന പ്രധാന കേന്ദ്രങ്ങള്‍ കാട്ടിക്കൊടുത്തത്.
Post Your Comments